drug-bust

ആലപ്പുഴയിൽ ലഹരി മരുന്നുമായി അഭിഭാഷകയും മകനും അറസ്റ്റിൽ. ഹൈബ്രിഡ് കഞ്ചാവും  എംഡിഎംഎയും പിടിച്ചെടുത്തു. അമ്പലപ്പുഴ കരൂർ സ്വദേശിനി സത്യമോൾ, മകൻ 18 കാരൻ സൗരവ്ജിത്ത് എന്നിവരെയാണ് പുന്നപ്ര പൊലീസ് പിടികൂടിയത്.

എറണാകുളത്ത് നിന്ന് ലഹരി മരുന്നുമായി വരുമ്പോൾ ആലപ്പുഴ പറവൂരിൽ നിന്നാണ് ഇവർ പിടിയിലാകുന്നത്.രാവിലെ ഇവരുടെ കാറിൽ നിന്ന് 3 ഗ്രാം  എംഡിഎംഎ പിടികൂടി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവും ഒഡീഷയിൽ നിന്നെത്തിച്ച കഞ്ചാവും രണ്ടര ഗ്രാം എംഡിഎംഎയും കണ്ടെടുത്തത്. കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പറും പ്ലാസ്റ്റിക് കവറുകളും  അളക്കുന്ന ഉപകരണം ഉൾപ്പെടെയുള്ള വസ്തുക്കളും ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തി. വീട്ടിൽ കഞ്ചാവ് വലിക്കാൻ പ്രത്യേക സ്ഥലവും ഉണ്ട്. പുറത്ത് നിന്ന് ധാരാളം യുവാക്കൾ ലഹരി മരുന്നു തേടി ഇവരുടെ വീട്ടിൽ എത്തിയിരുന്നു.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കരുനാഗപ്പള്ളി കുടുംബ കോടതിയിലാണ് സത്യമോൾ വക്കീലായി പ്രവർത്തിച്ചിരുന്നത്. കാറിൽ അഭിഭാഷക എംബ്ലം പതിച്ചിരുന്നതിനാൽ പലപ്പോഴും പരിശോധനയിൽ നിന്ന് രക്ഷപെട്ടിരുന്നു. ഈ കാറിൽ തന്നെയാണ് ഇരുവരും മാസത്തിൽ പല തവണ എറണാകുളത്ത് പോയി ലഹരി മരുന്ന് വാങ്ങി അമ്പലപ്പുഴയിൽ എത്തിച്ചിരുന്നത്. വീട്ടിൽ സിസിടിവി ഉണ്ടായിരുന്നതിനാൽ പൊലീസിന്റെ നിരീക്ഷണത്തെക്കുറിച്ച് ഇവർക്ക് അറിയാൻ കഴിഞ്ഞിരുന്നു. വൻ ലഹരി റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്ന് സംശയമുണ്ട്.

ENGLISH SUMMARY:

Alappuzha drug bust involves a lawyer and her son arrested with drugs. The police seized hybrid cannabis and MDMA from their residence after intercepting them transporting drugs from Ernakulam.