ഇടുക്കി അടിമാലിയിൽ എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പണവും മദ്യവും തട്ടിയ പ്രതികൾ പിടിയിൽ. പാറത്തോട് സ്വദേശി അപ്പച്ചൻ തോമസിന്‍റെ പണമാണ് കവർന്നത്.
എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അമ്പലപ്പടി സ്വദേശി സിനു, മന്നാംകാല സ്വദേശി ബാബു, അടിമാലി സ്വദേശി സക്കീർ ഹുസൈൻ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. അടിമാലി പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ബവ്റിജസ് ഔട്ട്ലെറ്റിൽ നിന്നും വെള്ളിയാഴ്ച വൈകിട്ട് മദ്യം വാങ്ങിയശേഷം ബസ് കാത്തുനിൽക്കുകയായിരുന്നു അപ്പച്ചൻ. എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് അടുത്തെത്തിയ പ്രതികൾ അപ്പച്ചന്‍റെ ബാഗ് വാങ്ങി പരിശോധിച്ചു. തുടർന്ന് ബാഗിലുണ്ടായിരുന്ന 3000 രൂപയും മദ്യവുമായി കടന്നു കളയുകയായിരുന്നു.
അപ്പച്ചൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. ഇവർ സമാന രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.