ആലപ്പുഴ കായംകുളത്ത് സംഘം ചേർന്നുള്ള മർദനത്തിൽ യുവാവ് കൊല്ലപ്പെട്ടു. കുഞ്ഞിന്‍റെ സ്വർണം മോഷ്ടിച്ചെന്ന ആരോപിച്ചാണ് ഏഴ് പേർ ചേർന്ന് മർദിച്ചത്. കായംകുളത്ത് വാടകയ്ക്ക് താമസിക്കുന്ന കന്യാകുമാരി സ്വദേശി ഷിബു എന്നു വിളിക്കുന്ന സജി ആണ് കൊല്ലപ്പെട്ടത്.
കായംകുളത്ത് ഇന്നലെ രാത്രിയായിരുന്നു സജിക്ക് നേരെ ആക്രമണം ഉണ്ടായത്. രണ്ട് വയസുകാരന്റെ സ്വർണ ചെയിൻ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഏഴു പേരടങ്ങുന്ന സംഘം ഷിബുവിനെ മർദിച്ചത്. കായംകുളം സ്വദേശി വിഷ്ണുവിന്റെ രണ്ടു വയസുകാരിയായ മകളുടെ സ്വർണമാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇത് ഷിബു മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. വിഷ്ണുവും ബന്ധുക്കളും ചേർന്നാണ് ക്രൂരമായി മർദിച്ചത്. മർദിക്കുന്നതിനിടെ അടുത്തുള്ള കനാലിലേക്ക് വീണ ഷിബുവിനെ കരയിൽ കയറ്റി വീണ്ടും മർദിച്ചു. ഇതിനിടെയാണ് ഷിബു ബോധരഹിതനായത്.
നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാണാതായ സ്വർണ ചെയിൻ കായംകുളത്തെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിരുന്നു. ഇത് ഷിബുവാണെന്നാണ് ആരോപണം. വിഷയത്തിൽ പോലീസ് വിശദ അന്വേഷണം ആരംഭിച്ചു. മരിച്ച ഷിബുവിന്‍റെ ഭാര്യ സുധയുടെ പരാതിയിൽ ആണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്