തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത 52 കാരിയുടെ ആത്മഹത്യാക്കുറിപ്പില്‍ തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര പരാമര്‍ശം. നഗരസഭ ആരോഗ്യകമ്മിറ്റി ചെയര്‍മാനായ ജോസ് ഫ്രാങ്ക്ളിനെതിരെയാണ് ആരോപണം. വായ്പ തരപ്പെടുത്തി നല്‍കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് നിരന്തരം ചൂഷണം ചെയ്തുവെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇന്നലെയാണ് ഗ്യാസ് കത്തിക്കുന്നതിനിടെ വീട്ടമ്മ ശരീരത്ത് തീപിടിച്ചു മരിച്ചത്.
ഡിസിസി ജനറൽ സെക്രട്ടറിയാണ് ആരോപണ വിധേയനായ ജോസ് ഫ്രാങ്ക്ളിന്‍. ഇയാളുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കില്‍ വായ്പ തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞായിരുന്നു ഉപദ്രവം. ഇന്നലെയായിരുന്നു വീട്ടമ്മ മരിച്ചത്. ഗ്യാസ് തുറന്നുവിട്ടതിന് ശേഷം തീകൊളുത്തി മരിക്കുകയായിരുന്നു. ആദ്യ അപകടമരണം എന്ന് കരുതിയെങ്കിലും പിന്നീട് ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കുകയായിരുന്നു.
ഫോറന്‍സിക് സംഘം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പുകൾ കണ്ടെടുത്തത്. മകനും മകൾക്കുമായി രണ്ട് ആത്മഹത്യാക്കുറിപ്പുകളാണ് ഉണ്ടായിരുന്നത്. സഹകരണ ബാങ്കില്‍ വീട്ടമ്മയ്ക്ക് ചിട്ടിയുണ്ട്. ഒരു വായ്പയും നിലവിലുണ്ട്. മറ്റൊരു വായ്പയ്ക്ക് വീട്ടമ്മ അന്വേഷണം നടത്തിയിരുന്നു. ഇക്കാര്യം പറഞ്ഞാണ് കോൺഗ്രസ് നേതാവ് ഫ്രാങ്ക്ളിന്‍ ചൂഷണം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്.