കർണാടകയിലെ ഗംഗാവതിയിൽ ബിജെപി യുവജന വിഭാഗം നേതാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ഗംഗാവതി യുവമോർച്ചയുടെ പ്രസിഡന്റായ വെങ്കിടേഷ് കുറുബയെയാണ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കത്തിയുമായി എത്തിയ ആളുകൾ വെങ്കിടേഷിനെ ആക്രമിച്ച ശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. വെങ്കിടേഷിന്റെ കൊലപാതകത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര അനുശോചനം രേഖപ്പെടുത്തി.
വെങ്കിടേഷിന്റെത് പ്രതികാര കൊലപാതകമാണെന്ന് കൊപ്പൽ ജില്ലാ പൊലീസ് സൂപ്രണ്ട് റാം എൽ അരസിദ്ദി പറഞ്ഞു. 2003ൽ, ഒരു കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ വെങ്കിടേഷ് പൊലീസിനെ സഹായിച്ചിരുന്നു. അതേ ആളുകൾ തന്നെയാണ് വെങ്കിടേഷിനെ കൊലപ്പെടുത്താനായി എത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.