സ്വവര്‍ഗരതിക്ക് വിസമ്മതിച്ചതിനെത്തുടര്‍ന്ന് വാടക ക്വാര്‍ട്ടേഴ്സിലെ മുറിയില്‍ യുവാവിനെ കൊലപ്പെടുത്തിയ സണ്ണിയുടെ ക്രിമിനല്‍ പശ്ചാത്തലം ആരെയും പേടിപ്പിക്കുന്നതാണ്. 61 കാരനായ സണ്ണി ഇതിനോടകം തന്നെ മൂന്ന് കൊലപാതക കേസുകളില്‍ പ്രതി. ഇതില്‍ രണ്ടും സ്വവര്‍ഗരതിക്ക് വഴങ്ങാത്തതിനായിരുന്നു എന്നതാണ് കൊലപാതകത്തിന്‍റെ ഭീകരത വര്‍ധിപ്പിക്കുന്നത്. സ്വന്തം അമ്മൂമ്മയെ കൊലപ്പെടുത്തിയതാണ് മറ്റൊരു കേസ്.
പെരുമ്പിലാവ് ആല്‍ത്തറയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ ശിവയാണ് ഇത്തവണ സണ്ണിയുടെ കൊലക്കത്തിക്ക് ഇരയായത്. മദ്യം നല്‍കാമെന്ന് പ്രലോഭിച്ചാണ് ഇയാളെ വാടക ക്വാര്‍ട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പ്രകൃതിവിരുദ്ധ ബന്ധത്തിനു വിസമ്മതിച്ചതോടെ കഴുത്തു ഞെരിച്ചു കൊന്ന് തീയിട്ടുകയായിരുന്നു. കുന്നംകുളത്തെ ബീവറേജസ് ഔട്ട്ലെറ്റിനു സമീപത്തുനിന്നാണ് ശനിയാഴ്ച വൈകീട്ട് സണ്ണി യുവാവിനെ പരിചയപ്പെടുന്നത്. ഇവിടെനിന്ന് രണ്ടുപേരും മദ്യപിച്ചു. പിന്നീട് കൂടുതല്‍ മദ്യം നല്‍കാമെന്നു പറഞ്ഞാണ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
സണ്ണി സമാനരീതിയില്‍ മുമ്പും ഒരാളെ സണ്ണി കൊലപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കൊല്ലപ്പെട്ടത് ആരെന്നത് ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 2005 മാര്‍ച്ച് 17 നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രകൃതി വിരുദ്ധ ബന്ധത്തിനു വഴങ്ങാത്തതിനാണ് സണ്ണി യുവാവിനെ കൊലപ്പെടുത്തിയത്.
ചൊവ്വന്നൂരുള്ള തറവാടുവീട്ടിൽ വച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. കേസിൽ ദൃക്‌സാക്ഷികളായി ആരുമുണ്ടായിരുന്നില്ല. സംഭവം നടന്ന ദിവസം പ്രതി സ്‌ഥലത്തേക്ക് വന്നതിനും പോയതിനും സാക്ഷികളായ ഓട്ടോഡ്രൈവർമാരുടെ മൊഴിയാണ് നിർണായകമായത്. കൈത്തണ്ടയിൽ ഹാരിസ് എന്നു പച്ചകുത്തിയിരുന്നു. ഹിന്ദി സംസാരിക്കുന്ന മാർബിൾ പണിക്കാരൻ എന്നതൊഴികെ മറ്റുവിവരങ്ങൾ കൊല്ലപ്പെട്ടയാളെക്കുറിച്ചു ലഭ്യമായിട്ടില്ല.
അന്ന് 40 കാരനായിരുന്ന സണ്ണിക്ക് ജീവപര്യന്തം കഠിനതടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്. ജയില്‍ ശിക്ഷ അനുഭവിച്ച സണ്ണി അനാരോഗ്യം കാട്ടി ശിക്ഷയില്‍ ഇളവു കിട്ടി. ആറു വര്‍ഷം മുന്‍പാണ് ജയില്‍ മോചിതനായത്. നേരത്തെ സ്വന്തം അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി എന്ന കേസിലും ഇയാൾ പ്രതിയായിരുന്നെങ്കിലും വിട്ടയച്ചിരുന്നു.