തൃശൂര്‍ മൂത്രക്കരയിൽ അച്ഛനെ വെട്ടിയതിനു പിന്നാലെ ആത്മഹത്യാ ഭീഷണി മുഴക്കിയ മകനെ താഴെയിറക്കി. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്‍ ശിവനും അമ്മയ്ക്കുമൊപ്പം വാടകവീട്ടിലാണ് വര്‍ഷങ്ങളായി വിഷ്ണു താമസിച്ചിരുന്നത്. എന്നാല്‍ 45 ദിവസങ്ങളായി പുറംലോകവുമായി ബന്ധമില്ലാതെ വിഷ്ണു ഒറ്റക്കാണ് ഇവിടെ താമസിക്കുന്നത്. വീട്ടില്‍ പൂജയും മന്ത്രവാദങ്ങളും നടന്നതിന്‍റെ ലക്ഷണങ്ങളുമുണ്ട്. ഉഴിച്ചില്‍ ജോലിക്ക് പോയ വിഷ്ണു സ്വന്തമായി പൂജയും മന്ത്രവാദവും ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെ മാതാപിതാക്കള്‍ക്ക് വീട്ടില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. ഇങ്ങനെയാണ് ഇവര്‍ വിഷ്ണുവിന്‍റെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറുന്നത്.
ഇതിനിടെ ലൈഫ് മിഷനില്‍ ലഭിച്ച വീടിനായി ചില രേഖകള്‍ എടുക്കാനായാണ് ശിവന്‍ വീട്ടിലെത്തിയത്. ഇതില്‍ പ്രകോപിതനായ വിഷ്ണു വടിവാള്‍ ഉപയോഗിച്ച് നാല് തവണ വെട്ടുകയായിരുന്നു. അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുവായ യുവാവിന്‍റെ ഇടപെടല്‍ കാരണം അവര്‍ രക്ഷപ്പെടുകയായിരുന്നു. ആയോധ കലകളില്‍ പ്രാവീണ്യമുള്ള ആളാണ് വിഷ്ണു. ഇയാള്‍ ലഹരിക്ക് അടിമയാണോ എന്നും സംശയമുണ്ട്.
പുതുക്കാട് ഇന്‍സ്പെക്ടറും വാതില്‍ പൊളിച്ച് വീടിനകത്ത് കയറിയിരുന്നെങ്കിലും തന്നെ പിടികൂടിയാല്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് വിഷ്ണു ഭീഷണി മുഴക്കിയിരുന്നു. കൈയില്‍ ഇയാള്‍ ആയുധങ്ങളും സൂക്ഷിച്ചിരുന്നു. കോഴിയെ അറുത്ത് ആഭിചാര ക്രിയകള്‍ നടത്തിയ ലക്ഷണങ്ങളും വീടിന് സമീപത്തുണ്ട്.
വീട്ടിലേക്ക് എത്തിയ അച്ഛനെ വടിവാളിന് വെട്ടിയത് പിന്നാലെയാണ് ആത്മഹത്യാ ഭീഷണിയുമായി വിഷ്ണു വീടിന്റെ രണ്ടാം നിലയിൽ കയറിയത്. നാട്ടുകാർ നടത്തിയ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടതിന് പിന്നാലെ ഫയര്‍ഫോഴ്സ് എത്തിയാണ് വിഷ്ണുവിനെ താഴെയിറക്കിയത്.