കോഴിക്കോട് പയ്യാനക്കലില്‍ പത്ത് വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് കര്‍ണാടകയിലേയ്ക്കെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. ലഹരിക്കടിമയാണ് പ്രതിയെന്നും പൊലിസ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് മദ്രസ കഴിഞ്ഞു മടങ്ങിയ കുട്ടിയെ കാറിലെത്തിയ പ്രതി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. നാട്ടുകാരുടെ സമയോചിത ഇടപെടലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കര്‍ണാടകയിലേയ്ക്ക് തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണം നടത്തുകയായിരുന്നു പ്രതി സിനാന്‍ അലി യൂസഫിന്‍റെ ലക്ഷ്യം. ഇതിനായി വലിയ ആസൂത്രണവും നടത്തി. ലഹരിക്കടിമയായ പ്രതി തട്ടികൊണ്ടുപോകാന്‍ എത്തിയതും ലഹരി ഉപയോഗിച്ചുകൊണ്ടുതന്നെ. പത്ത് വയസുകാരനെ കാറില്‍ കയറാന്‍ നിര്‍ബന്ധിക്കുന്നതില്‍ സംശയം കണ്ട ഓട്ടോ ഡ്രൈവറുടെ ഇടപെടലാണ് നിര്‍ണായകമായത്.
കര്‍ണാടക പൊലിസിനെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ പ്രതി കൂടിയാണ് ഇയാള്‍. മോഷ്ടിച്ച കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയത്. ആദ്യം അസംകാരനാണെന്ന് പറഞ്ഞ ഇയാള്‍ പിന്നീട് കാസര്‍കോട് സ്വദേശിയെന്ന് തിരുത്തി. ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന മാഫിയയുടെ ഭാഗമാണോ പ്രതിയെന്നും പൊലിസ് സംശയിക്കുന്നുണ്ട്.