പി.എസ്.സി. പരീക്ഷയിലെ ഹൈടെക് കോപ്പിയടി സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. നേരത്തെ പിടിയിലായ മുഹമ്മദ് സഹദിന്റെ കൂട്ടാളി സബീലാണ് പോലീസിൻ്റെ പിടിയിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് സബീലിനെ പിടികൂടിയത്.
പരീക്ഷാ ഹാളിൽവെച്ച് മുഹമ്മദ് സഹദ് ഷർട്ടിന്റെ കോളറിൽ ഘടിപ്പിച്ച മൈക്രോ ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ദൃശ്യങ്ങൾ പകർത്തി സബീലിന് അയച്ചുനൽകി. സബീൽ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി സഹദിന് കൈമാറുകയായിരുന്നു.
സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലേക്കുള്ള പരീക്ഷയ്ക്കിടെ പയ്യാമ്പലത്തെ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാ സെൻ്ററിൽ വെച്ചാണ് പി.എസ്.സി. വിജിലൻസ് വിഭാഗം ആദ്യം സഹദിനെ പിടികൂടിയത്. പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സഹദിനെ പിന്നീട് പൊലീസിൻ്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
ഇത്തരത്തിലുള്ള കോപ്പിയടി ഇരുവരും ആദ്യമായല്ല നടത്തുന്നത് എന്നും, മുൻപ് പല പി.എസ്.സി. പരീക്ഷകളിലും ഇതേ രൂപത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ പോലീസിന് മനസ്സിലായിട്ടുണ്ട്.