കൊച്ചി എംജി റോഡിലെ പബ്ബില്‍ അതിക്രമം നടത്തിയ ഗുണ്ടാസംഘത്തെ ബെംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്ത് കൊച്ചി സെന്‍ട്രല്‍ പൊലീസ്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും വിശ്വസ്തനെന്നും അറിയപ്പെടുന്ന സെബിനും സംഘവുമാണ് പിടിയിലായത്. എസ്ഐ അനൂപ് ചാക്കോയുടെ നേൃത്വത്തിലാണ് അറസ്റ്റ്. കൊച്ചി കോർപറേഷൻ കോൺഗ്രസ് കൗൺസിലർ ടിബിൻ ദേവസിയുമായാണ് കഴിഞ്ഞ 20-ാം തീയതി പബ്ബില്‍ സംഘര്‍ഷമുണ്ടായത്.
ഗുണ്ടാ സംഘവുമായാണ് കൗൺസിലർ ടിബിൻ കൊമ്പുകോർത്തത്. ബന്ധുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സെബിനും ടിബിനും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതേ ചൊല്ലിയായിരുന്നു തർക്കങ്ങളുടെ തുടക്കം. പബ്ബില്‍ ടിബിനും സെബിനും തമ്മിൽ കയ്യാങ്കളിയിലെത്തി. ഇതിനിടെ സെബിന്റെ മുടിപിടിച്ച് ടിബിൻ വലിച്ചു. ഇതോടെ സെബിനും സുഹൃത്തുക്കളും പബ്ബിൽ നിന്ന് പുറത്തിറങ്ങിയ സെബിനും സംഘവും വാഹനത്തിലുണ്ടായിരുന്ന എയർ ഗൺ, വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി തിരികെ എത്തി.
ഇതോടെ പബ്ബിലെ ബൗണ്സര്മാര് സംഘത്തെ തടയുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. പൊലീസ് എത്തുന്നതിന് തൊട്ടുമുൻപ് സംഘം കാറുമായി സ്ഥലംവിട്ടു. സെബിനിന് പുറമെ ബേസിൽ, ഷെമീർ അലി, ആര്യൻ എന്നിവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.
കൊച്ചിയിൽ നിന്ന് മുങ്ങിയ സെബിനും സംഘവും ആദ്യം മൂന്നാറും പിന്നീട് തമഴ്നാട്ടിലും കറങ്ങിയാണ് ബംഗളൂരുവിലെത്തിയത്. ജിമ്മിന്റെ മുകളിൽ ഒറ്റമുറിയിൽ ഒളിവിൽ കഴിയുകയായിരുന്നു സംഘം. കൊച്ചിയിൽ പുറത്തെടുത്ത തോക്കും മാരകായുധങ്ങളും ഇവരിൽ നിന്ന് കണ്ടെത്തി. പിടിയിലായ നാല് പേരും മദ്യപിക്കില്ല, പബിൽ ചുവടുവെച്ച് ചില്ലാകാൻ എത്തിയതെന്നാണ് മൊഴി. കൗൺസിലർ ടിബിനാണ് എല്ലാം തുടങ്ങിവച്ചതെന്നാണ് പിടിയിലായവരുടെ വിശദീകരണം. മുടി പിടിച്ച് വലിച്ചതോടെയാണ് ടൂൾസ് എടുത്തതെന്നും സെബിൻ മൊഴി നല്കി.