വ്യാജസ്വര്‍ണം പണയംവെച്ച് ഒന്‍പതുലക്ഷത്തിലധികം രൂപ കൈക്കലാക്കിയതോടെ കേസ്. നാടുനീളെ കടക്കാരെ കൊണ്ടുവലയുകയും ചെയ്തതോടെ പുഴയില്‍ ചാടി വ്യാജമരണം. പറഞ്ഞുവരുന്നത് പഞ്ചാബി ഹൗസില്‍ ദിലീപ് അവതരിപ്പിച്ച ഉണ്ണിയുടെ കഥാപാത്രത്തെ കുറിച്ച് അല്ല. വ്യാജസ്വര്‍ണം പണയം വെച്ച കേസില്‍ പിടിയിലായ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ 30 വയസുകാരി വര്‍ഷയെ കുറിച്ചാണ്.
2022 നവംബറിലാണ് വര്‍ഷയെ കാണാതാവുന്നത്. മരിക്കാന്‍ പോവുന്നുവെന്ന കുറിപ്പ് എഴുതിവെച്ചാണ് രാവിലെ സ്കൂട്ടറുമായി വീട്ടില്‍ നിന്നിറങ്ങിയത്. അന്വേഷണത്തിനിടെ അറപ്പുഴ പാലത്തിന് സമീപം വര്‍ഷയുടെ സ്കൂട്ടര്‍ കണ്ടെത്തി. ഫോണും സിമ്മും ഉപേക്ഷിച്ച് പുഴയില്‍ ചാടിയെന്ന കഥ സൃഷ്ടിക്കുകയായിരുന്നു വര്‍ഷയുടെ ലക്ഷ്യം.
ഫറോക്ക് സദീര്‍ ആര്‍ക്കേയ്‌ഡില്‍ പ്രവര്‍ത്തിച്ചിരുന്ന സൗഭാഗ്യ ഫൈനാന്‍സിയേഴ്സില്‍ രണ്ടുദിവസങ്ങളിലായി 226.5 ഗ്രാം വ്യാജ സ്വര്‍ണം പണയം വെച്ച് 9,10000 രൂപ വര്‍ഷ കൈക്കലാക്കിയിരുന്നു. ഇതില്‍ ഫറോക്ക് പൊലീസ് കേസെടുത്തു. കൂടാതെ നിരവധി വ്യക്തികളില്‍ നിന്നും വന്‍ തുക കടം വാങ്ങുകയും ചെയ്തിരുന്നു. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ വര്‍ഷ വ്യാജ മരണക്കഥയുണ്ടാക്കി നാടുവിട്ടു. പിന്നീട് പാലക്കാട്, എറണാകുളം, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും വര്‍ഷ ജീവിച്ചിരുപ്പുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇന്‍റര്‍നെറ്റ് കോളുകള്‍ മുഖേന വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടെന്നും മനസിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വര്‍ഷയെ തൃശൂരില്‍ നിന്ന് ഫറോക്ക് പൊലീസ് പിടികൂടിയത്.