Untitled design - 1

TOPICS COVERED

കൂടരഞ്ഞിയില്‍ മാല മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ പൊലീസും വീട്ടുടമയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. അസം സ്വദേശി മൊമിനുള്‍ ഇസ്ലാം എന്ന യുവാവിനാണ് മര്‍ദനമേറ്റത്. ജോലിക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് പ്രേരിപ്പിച്ചുവെന്നും അത് എതിര്‍ത്തതോടെയാണ് കള്ളക്കേസില്‍ കുടുക്കുകയും മര്‍ദിക്കുകയും ചെയ്തതെന്നും മൊമിനുള്‍ ഇസ്ലാം ആരോപിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം ജോലിക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെ ബോഡി മസാജിനായി വീട്ടുടമസ്ഥൻ നിര്‍ബന്ധിക്കുകയായിരുന്നു. ഈ സമയം പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമം നടന്നതായി യുവാവ് പറയുന്നു. അസാമുകാരനായ യുവാവിനെ ഇയാൾ വീട്ടിലേക്ക് ജോലിക്കായി വിളിച്ചു വരുത്തുകയായിരുന്നു.

'എന്നോട് കുളിച്ച ശേഷം റൂമിലേക്ക് വരാന്‍ അയാള്‍ ആവശ്യപ്പെട്ടു. ശരീരം വേദനയാണെന്നും മസാജ് ചെയ്ത് തരണമെന്നും വീട്ടുടമസ്ഥന്‍ എന്നോട് പറഞ്ഞു. ‍ഞാന്‍ മസാജ് ചെയ്തുകൊടുത്തു. പെട്ടെന്ന് അയാള്‍ എന്‍റെ കൈയില്‍ കയറി പിടിച്ചു, ശേഷം അയാള്‍ പൂര്‍ണ നഗ്നനായി. ഞാന്‍ ഭയന്നുപോയി, അതാണ് കതക് തുറന്ന് പുറത്തേക്കോടിയത്. അയാളുെട കഴുത്തില്‍ ഞാന്‍ മാല ഒന്നും കണ്ടില്ല. സ്വര്‍ണമാല മോഷ്ടിച്ചു എന്ന് അയാള്‍ കള്ളം പറഞ്ഞതാണ്. രണ്ട് പൊലീസുകാരും അയാളുടെ ആളുകളും ചേര്‍ന്നാണ് എന്നെ മര്‍ദിച്ചത്. ദേഹം മൊത്തം വേദനയാണ്'. – അതിഥി തൊഴിലാളി വ്യക്തമാക്കുന്നു.

ഇത് കണ്ട് പേടിച്ച് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പന്തികേട് മനസിലാക്കിയ വീട്ടുടമസ്ഥൻ യുവാവ് ഓടുന്ന സിസിടിവി ദൃശ്യങ്ങളെടുത്ത് തന്റെ മാല ഇയാൾ മോഷ്ടിച്ചു കൊണ്ടുപോയി എന്ന ആരോപണം ഉന്നയിക്കുകയായിരുന്നു. പിന്നാലെയാണ് ഓടിക്കൂടിയ നാട്ടുകാരും ഈ അസാമുകാരനെ മര്‍ദിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസുകാരും തന്നെ മർദ്ദിച്ചു എന്ന് യുവാവ് പറയുന്നു.

ENGLISH SUMMARY:

Migrant worker assault in Koodaranhi is a serious issue. A migrant worker from Assam was allegedly brutally assaulted by the police and homeowner in Koodaranhi over accusations of stealing a gold chain, sparking outrage and calls for investigation.