തിരുവനന്തപുരം ചാക്കയില്‍ റോ‍ഡരികില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ച കേസില്‍ പ്രതി കുറ്റക്കാരന്‍. ആറ്റിങ്ങല്‍ ഇടവ സ്വദേശിയായ കബീര്‍ എന്ന് വിളിക്കുന്ന ഹസന്‍കുട്ടിയെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് വിധി. ഒക്ടോബര്‍ മൂന്നിന് ശിക്ഷാവിധിയുണ്ടാകും.

2024 ഫെബ്രുവരി 19നായിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അതിക്രമം. ചാക്കയ്ക്ക് സമീപം നാടോടികളായ ഹൈദരാബാദുകാരായ ദമ്പതികള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ ഹസന്‍കുട്ടി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ചാക്ക ബ്രഹ്‌മോസ്‌ എയ്‌റോസ്‌പേസ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്   പിന്നിലുള്ള പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മരിച്ചെന്ന ധാരണയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്നുള്ള മാതാപിതാക്കളുടെ പരാതിയില്‍ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ അടുത്തദിവസം വൈകുന്നേരം ഏഴരയോടെ ബ്രഹ്മോസ് മതിലിനോട് ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്ത് നിന്നാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു.

കുട്ടിയെ മുഖം മറച്ച് ഒരാള്‍ നടന്ന് നീങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. നൂറിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. പതിമൂന്നാം ദിവസം കൊല്ലത്ത് നിന്നും ഹസന്‍കുട്ടി പിടിയിലായി. തട്ടിക്കൊണ്ടുപോയതിന് ശേഷം തിരുവനന്തപുരത്ത് നിന്ന് മുങ്ങിയ ഹസന്‍കുട്ടി പളനിയിലെത്തി തലമൊട്ടയടിച്ച് ആള്‍മാറാട്ടത്തിനും ശ്രമിച്ചിരുന്നു. കുട്ടിയുടെ വൈദ്യപരിശോധനാഫലത്തില്‍ പീഡനം സ്ഥിരീകരിച്ചതും പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായതും വഴിത്തിരിവായി.

കുട്ടിയെ പീഡനത്തിനിരയാക്കിയ സ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകളും പ്രതിയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച സാമ്പിളുകളും ശാസ്ത്രീയ പരിശോധനയില്‍ ഒന്നാണെന്ന് കണ്ടെത്തി. പേട്ട പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.ശ്രീജിത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 41 സാക്ഷികളെ വിസ്തരിക്കുകയും 62 രേഖകളും, 11 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ.അജിത് പ്രസാദ്, അഭിഭാഷക വി.എസ്.ബിന്ദു എന്നിവര്‍ ഹാജരായി.

ENGLISH SUMMARY:

In a shocking case from Thiruvananthapuram, the POCSO court has found the accused guilty in the incident where a two-year-old girl, who was sleeping on the roadside with her parents in Chakka, was abducted, abused, and abandoned. The accused has been identified as Hasan Kutty, also known as Kabeer, a resident of Idava near Attingal. The court ruled him guilty, and the sentencing will be pronounced on October 3. The case had triggered widespread outrage, highlighting child safety concerns in Kerala.