കേരളത്തിലെ ക്ഷേത്ര മോഷണങ്ങളിലെ സ്പെഷലിസ്റ്റായ പൂവരണി ജോയിയും കൂട്ടാളിയും പിടിയില്‍. 160 ലധികം കേസുകളില്‍ പ്രതിയായ ജോയിയെ വെഞ്ഞാറമൂട് പൊലീസാണ് പിടികൂടിയത്. 

പൂവരണി ജോയി, അമ്പലം കണ്ടാല്‍ കയറും. കയ്യില്‍ കിട്ടുന്നത് എന്തെങ്കിലും അടിച്ചുമാറ്റുകയും ചെയ്യും. കുറ്റകൃത്യങ്ങളുടെ ലോകത്തെ ചൊല്ലാണിത്. അങ്ങനെ ഒടുവില്‍ ജോയി അകത്തായി. ഒറ്റ രാത്രികൊണ്ട് തിരുവനന്തപുരത്തെ നാല് ക്ഷേത്രങ്ങളില്‍ മോഷ്ടിക്കാന്‍ കയറിയ കേസിന്‍റെ അന്വേഷണത്തിലാണ് കുടുങ്ങിയത്. 

കഴിഞ്ഞ 18ന് കിളിമാനൂര്‍ കളമച്ചല്‍ പാച്ചുവിളാകം ദേവീക്ഷേത്രം, വേറ്റൂര്‍ മഹാവിഷ്ണു ക്ഷേത്രം, വെഞ്ഞാറമൂട് പാറയില്‍ ആയിരവല്ലി ക്ഷേത്രം, കാരേറ്റ് ശിവക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു ജോയിയും കൂട്ടാളി അടൂരുകാരന്‍ തുളസീധരനും ചേര്‍ന്ന് മോഷണം നടത്തിയത്. മോഷണത്തിന് പിന്നാലെ അന്വേഷണം ആരംഭിച്ച വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുള്‍ സലാമിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാത്രി രണ്ട് പേരെയും പൊക്കി.

ജോയിക്ക് 160 കേസുണ്ട്. തുളസീധരനും ചില്ലറക്കാരനല്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മുപ്പതിലേറെ കേസുകളുണ്ട്. ജയിലില്‍വെച്ചാണ് ഇരുവരും പരിചയത്തിലായത്. പുറത്തിറങ്ങിയതോടെ മോഷണം ഒരുമിച്ചായി.

ENGLISH SUMMARY:

Kerala Temple Theft: Poovarani Joy, a specialist in temple robberies, and his accomplice have been arrested. He is accused of more than 160 cases and was apprehended by Venjaramoodu police.