റോഡ് നവീകരണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭീഷണിപ്രസംഗവുമായി സി.പി.എം. പട്ടാമ്പി ഏരിയാ സെക്രട്ടറി ഗോപാലകൃഷ്ണൻ. റോഡ് പണി തടസ്സപ്പെടുത്താൻ വന്നാൽ, 'വന്നപോലെ തിരിച്ചു പോകില്ലെന്നും ശരീരത്തിലെ ഇറച്ചിയുടെ തൂക്കം കുറവുണ്ടാകുമെന്നും' ഗോപാലകൃഷ്ണൻ ഭീഷണിപ്പെടുത്തി.
പട്ടാമ്പി നഗരത്തിലെ റോഡ് നവീകരണവുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ ആരംഭിച്ചത്. റോഡിന്റെ വീതി കുറച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യു.ഡി.എഫ്. പ്രവർത്തകർ നവീകരണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ സി.പി.എം. സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിലാണ് ഗോപാലകൃഷ്ണന്റെ ഭീഷണി പ്രസംഗം.
സി.പി.എം. നേതാവ് ഉത്തരവാദിത്തത്തോടെയാണ് സംസാരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഭീഷണിപ്രസംഗം ആരംഭിച്ചത്. ഗോപാലകൃഷ്ണന്റെ പ്രസംഗത്തിലെ 26 സെക്കൻഡ് ദൈർഘ്യമുള്ള ഭാഗമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.