ആദ്യ വിവാഹത്തിലെ കുഞ്ഞിനെ സ്വീകരിക്കാനാവില്ലെന്ന് കാമുകന്‍ പറഞ്ഞതോടെ മൂന്നു വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊന്ന് യുവതി. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. കുഞ്ഞിനെ ഒഴിവാക്കാനാണ് ക്രൂരകൃത്യം ചെയ്തതെന്ന് ഏറ്റുപറഞ്ഞ അഞ്ജലിയെന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. രാത്രി പതിവുപോലെ മകളെ താരാട്ടുപാടി ഉറക്കിയ ശേഷം തോളിലെടുത്തിട്ട് അഞ്ജലി അന സാഗര്‍ തടാകത്തിനരികിലേക്ക് നടക്കാനിറങ്ങി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പിച്ച ശേഷം കുഞ്ഞിനെ വെള്ളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. രാത്രി പട്രോളിങിനിറങ്ങിയ പൊലീസ് കോണ്‍സ്റ്റബിള്‍ ഗോവിന്ദ് ശര്‍മയുടെ ശ്രദ്ധയില്‍ അഞ്ജലി പെട്ടതാണ് നിര്‍ണായകമായത്. ഈ സമയം അഞ്ജലിക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു.
വൈശാലി നഗര്‍ ഭാഗത്ത് നിന്നും ബജ്റങ്ഗഡിലേക്കുള്ള വഴിയിലാണ് ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടത്. എന്താണ് കാര്യമെന്ന് പൊലീസ് അന്വേഷിച്ചതും, താന്‍ മകളുമായി വീടുവിട്ടിറങ്ങിയതാണെന്നും പെട്ടെന്ന് മകളെ കാണാതായെന്നും അഞ്ജലി മൊഴി നല്‍കി. ഇതോടെ പൊലീസ് രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കി. ഇതില്‍ അഞ്ജലി കുഞ്ഞിനെ തോളിലിട്ട് നടന്ന് പോകുന്നത് കണ്ടു. തടാകത്തിന് ചുറ്റും യുവതി ചുറ്റിക്കറങ്ങുന്നതും ദൃശ്യങ്ങളില്‍ കണ്ടു. എന്നാല്‍ പുലര്‍ച്ചെ ഒന്നരയോടെ ലഭിച്ച ദൃശ്യങ്ങളില്‍ അഞ്ജലിയെ തനിച്ചാണ് കണ്ടത്. തോളിലുണ്ടായിരുന്ന കുഞ്ഞിനെ കാണാനില്ലായിരുന്നു. ഫോണില്‍ സംസാരിച്ച് നടന്ന് നീങ്ങുന്നതും വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടെ പൊലീസ് അഞ്ജലിയെ വിശദമായി ചോദ്യം ചെയ്തു. നേരം പുലര്‍ന്നതോടെ കുഞ്ഞിന്‍റെ മൃതദേഹം തടാകത്തില്‍ നിന്നും ലഭിച്ചു. പിന്നാലെ അഞ്ജലി കുറ്റം സമ്മതിക്കുകയായിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം ലിവ് ഇന്‍ പങ്കാളിയായ അല്‍കേഷിനെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അഞ്ജലി അറിയിച്ചത്. കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന പങ്കാളിയുടെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് താന്‍ ഈ കൃത്യം ചെയ്തതെന്നാണ് അഞ്ജലിയുടെ മൊഴി.
ഉത്തര്‍പ്രദേശിലെ വരാണസി സ്വദേശിയാണ് അഞ്ജലി. ഭര്‍ത്താവുമായി പിരിഞ്ഞതിന് പിന്നാലെ അജ്മീറിലെത്തി കാമുകനായ അല്‍കേഷിനൊപ്പം താമസിച്ചു വരികയായിരുന്നു ഇവര്‍. അജ്മീറിലെ ഹോട്ടലില്‍ അഞ്ജലി റിസപ്ഷനിസ്റ്റായും അല്‍കേഷ് ജീവനക്കാരനായും ജോലി ചെയ്തു വരുന്നതിനിടെയാണ് ക്രൂരകൃത്യം. സംഭവത്തില്‍ കൊലക്കുറ്റത്തിന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. അല്‍കേഷിന് ഏതെങ്കിലും തരത്തില്‍ കൃത്യത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.