A.I generated representative image
സംശയരോഗത്തെ തുടര്‍ന്ന് അമ്മയെ മക്കള്‍ കഴുത്ത് ഞെരിച്ച് കൊന്നു. ഗുജറാത്തിലാണ് സംഭവം. നാനാകാഡിയ സ്വദേശിനിയായ 40-കാരിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ രണ്ട് ആണ്മക്കളെയും പൊലീസ് അറസ്റ്റ്ചെയ്തു. ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ക്രൂരകൃത്യം നടത്തിയെന്ന് മക്കള്‍ പൊലീസില്‍ മൊഴി നല്കി.
കൊല്ലപ്പെട്ട സ്ത്രീയും മക്കളും കഴിഞ്ഞ ഒരുവര്‍ഷമായി ഗ്രാമത്തിലെ ഫാമില്‍ താമസിച്ച് ജോലിചെയ്യുന്നവരാണ്. കഴിഞ്ഞദിവസം ഫാം ഉടമയാണ് സ്ത്രീ കൊല്ലപ്പെട്ടവിവരം അവരുടെ പിതാവിനെ അറിയിച്ചത്. തുടര്‍ന്ന് പിതാവ് എത്തിയപ്പോള്‍ മകളുടെ കഴുത്തിലടക്കം പാടുകള്‍ കണ്ടെത്തി. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മക്കള്‍ ഇരുവരും ചേര്‍ന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റവും സമ്മതിച്ചു.
കൊല്ലപ്പെട്ട സ്ത്രീ ഏതാനും മാസങ്ങളായി ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞ് മക്കള്‍ക്കൊപ്പം കഴിയുകയായിരുന്നു. ഇതിനുപിന്നാലെയാണ് അമ്മയുടെ പെരുമാറ്റത്തില്‍ മക്കള്‍ക്ക് സംശയം തോന്നിയത്. അമ്മയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് ഇവര്‍ക്ക് സംശയമായി. രാത്രി വൈകിയും അമ്മ ആരോടോ ഫോണില്‍ സംസാരിക്കുന്നത് പതിവായിരുന്നുവെന്നും വീട്ടിലെ ജോലികള്‍ ചെയ്തിരുന്നില്ലെന്നും മക്കള്‍ പൊലീസിനോട് പറഞ്ഞു. സംഭവദിവസവും രാത്രിയില്‍ അമ്മ ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മക്കളിരുവരും അമ്മയെ വകവരുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പിന്നിലൂടെയെത്തി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കൊലപാതകം നടത്തിയതിന് ശേഷം ഇരുവരും രാത്രി മുഴുവൻ ഫാമിലുണ്ടായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 103(1), 54 വകുപ്പുകൾ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.