തൃശൂർ ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. സംഭവത്തിൽ ചാവക്കാട് സ്വദേശി സൽമാൻ ഫാരിസിന്റെ വലതു കൈപ്പത്തി തകർന്നിരുന്നു.
ഇന്നലെ വൈകിട്ടാണ് അമിത സുരക്ഷാ മേഖലയായ കടപ്പുറം തൊട്ടാപ്പു ലൈറ്റ് ഹൗസിന്‍റെ മുകളിൽ കയറി യുവാക്കൾ ഗുണ്ട് പൊട്ടിച്ചത്. സംഭവത്തിൽ ബ്ലാങ്ങാട് സ്വദേശികളായ ഷാമിൽ , ഹിലാൽ എന്നിവരെയും എടക്കര സ്വദേശി അബൂതാഹിറിനെയും ഇളയിടത്ത് വീട്ടിൽ ഷുഹൈബിനെയും ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്‍റെ വിവാഹത്തിനുശേഷം ബാക്കി വന്ന ഗുണ്ടുകളാണ് പൊട്ടിക്കാൻ ഉപയോഗിച്ചത്. ഗുണ്ട് പൊട്ടിക്കാൻ ശ്രമിക്കവേ സൽമാൻ ഫായിസിന്‍റെ കയ്യിലിരുന്ന് സ്ഫാടക വസ്തു പൊട്ടി. ഇദ്ദേഹത്തിൻറെ വലതു കൈപ്പത്തി തകർന്നു.
ലൈറ്റ് ഹൗസിനു മുകളിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടതോടെ സഞ്ചാരികൾ ഭീതിയിലായി തുടർന്ന് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും യുവാവും ഒപ്പും ഉണ്ടായിരുന്ന വരും ആശുപത്രിയിലേക്ക് പോയി. ഇപ്പോൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സൽമാൻ ഫായിസ്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ലൈറ്റ് ഹൗസിന് കേടുപാടുകൾ സംഭവിച്ചു. ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്ത നാലുപേരെയും ഇന്ന് റിമാൻഡ് ചെയ്തു.