സ്നാപ് ചാറ്റിൽ 15 വയസുകാരിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ. കൊല്ലം സ്വദേശി ബിപിൻ ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. നഗ്നചിത്രങ്ങൾ നിരവധി പേർക്ക് അയച്ചു കൊടുത്ത് പ്രതി പലരിൽ നിന്നും പണം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി.
സ്‌നാപ് ചാറ്റിൽ വ്യാജ പേര്, പരിചയപ്പെട്ടതെല്ലാം പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ. ആദ്യം നന്നായി സംസാരിക്കും. പിന്നെ ലൈംഗിക ആവശ്യം അറിയിക്കും. നഗ്നചിത്രങ്ങൾ അയച്ചു തരാൻ ആവശ്യപ്പെടും. പിന്നീട് ഫോട്ടോ വെച്ച് വിലപേശും. എറണാകുളത്ത് ടാറ്റൂ ആർടിസ്റ്റായ കൊല്ലം പടയണിപ്പാറ സ്വദേശി ബിപിന്റെ രീതി ഇങ്ങനെയായിരിന്നു. കേരളത്തിൽ പലയിടത്തായി നിരവധി പെൺകുട്ടികൾ ബിപിന്റെ വലയിൽ പെട്ടതായാണ് പ്രാഥമിക കണ്ടെത്തൽ. ഒരുപാട് പണവും ഇതു വഴി സമ്പാദിച്ചു. പാലക്കാട് ടൌൺ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ 15 കാരിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പ്രതി പിടിയിലായത്.
തന്നെ തിരിച്ചറിയാതിരിക്കാൻ സാങ്കേതിക വിദ്യയുടെ എല്ലാ പഴുതും പ്രതി പ്രയോഗിച്ചെങ്കിലും സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ കൃത്യമായ അന്വേഷണതിനോടുവിൽ ടൌൺ സൗത്ത് പൊലീസ് വലയിലാക്കി. പുലർച്ചെ എറണാകുളത്ത് നിന്ന് വിദഗ്ധമായി പ്രതിയെ പിടികൂടുകയായിരുന്നു. പാലക്കാട്ടെത്തിച്ചു കോടതിയിൽ ഹാജരാക്കി. പോക്സോ അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇയാൾക്ക് മലപ്പുറം തേഞ്ഞിപ്പാലം പരിധിയിൽ സമാന കേസുണ്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ബിരുദ വിദ്യാർഥിയാണ് 22 കാരനായ ബിപിൻ.