കൊച്ചി പനങ്ങാട് കുമ്പളം സൗത്ത് ഹോളി മേരി കോളജിനടുത്തായിരുന്നു ലോക്കല്‍ ഗുണ്ടകളുടെ വിളയാട്ടം. മറ്റ് പണിക്കൊന്നും പോകാതെ അതിഥിതൊഴിലാളികളെ ഭീഷണിപ്പെടുത്തി പണംതട്ടി ജീവിച്ചിരുന്ന ഗുണ്ടകള്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. അതിഥിതൊഴിലാളികളുടെ താമസ സ്ഥലങ്ങളിലെത്തി ഗുണ്ടാപിരിവ് നടത്തിയിരുന്ന പള്ളുരുത്തി റോഡില്‍ താമസിക്കുന്ന സദ്ദാം, അസിബ് ശിഹാബ് എന്നിവരെയാണ് പനങ്ങാട് പൊലീസ് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തത്.
ഹോളി മേരി കോളജിനടുത്ത് സാമസിച്ചിരുന്ന അസം സ്വദേശിയുടെ വീട്ടിലാണ് ഇരുവരും പിരിവിനെത്തിയത്. കുട്ടികളെയുംകൂട്ടി കുടുംബസമേതം വര്‍ഷങ്ങളായി സ്ഥലത്ത് താമസിക്കുന്നതാണ് അസം സ്വദേശി. ഇവരുടെ ബന്ധുക്കളും സമീപത്ത് താമസിക്കുന്നുണ്ട്. ഇവരില്‍ നിന്നാണ് ലോക്കല്‍ ഗുണ്ടകളായ സദ്ദാമും അസിബ് ശിഹാബും പിരിവ് നടത്തിയിരുന്നത്. ഇത്തവണ പണം ചോദിച്ചപ്പോള്‍ അസം സ്വദേശി നല്‍കാന്‍ വിസമ്മതിച്ചു. ഇതോടെ ഗുണ്ടകള്‍ അതിഥിതൊഴിലാളിയെയും കുടുംബത്തെയും ആക്രമിച്ചു. ക്രൂരമായ മര്‍ദനത്തിന് ശേഷം അയ്യായിരം രൂപയും മൊബൈല്‍ ഫോണ്‍ അടങ്ങിയ ബാഗും വീട്ടില്‍ നിന്ന് കവര്‍ന്ന് രക്ഷപ്പെട്ടു.
ക്രൂരമര്‍ദനത്തിന് ഇരയായ അസം സ്വദേശി ഇതോടെ പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. പേര് പറഞ്ഞപ്പോള്‍ തന്നെ പൊലീസുകാര്‍ക്ക് ഗുണ്ടകളെ പിടികിട്ടി. ഇവരുടെ സ്ഥിരം സങ്കേതങ്ങള്‍ വ്യക്തമായറിയാവുന്ന പൊലീസ് സംഘം മണിക്കൂറുകള്‍ക്കം പ്രതികളെ പൊക്കി. പള്ളുരുത്തിയില്‍ നിന്നാണ് ഗുണ്ടകള്‍ പിടിയിലായത്. കവര്‍ച്ച ചെയ്ത ബാഗും ഫോണും പണവും പ്രതികള്‍ മറ്റൊരിടത്ത് ഒളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ സ്ഥലം വെളിപ്പെടുത്തിയതോടെ പണവും ബാഗും മൊബൈലും കണ്ടെത്തി.
പൊലീസുകാരെ ആക്രമിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായ സദ്ദാമും അസിബ് ശിഹാബും. ഇന്‍സ്പെക്ടര്‍ വിപിന്‍ദാസ്, എസ്ഐ എം.എം. മുനീര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അരുണ്‍രാജ്, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഗുണ്ടകളെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.