പേരൂര്‍ക്കടയില്‍ വ്യാജ മോഷണക്കേസില്‍ പിടികൂടിയ ദളിത് വീട്ടമ്മ ബിന്ദുവിനെ ഇരുപത് മണിക്കൂറും പതിനേഴ് മിനിറ്റുമാണ് പൊലീസ് അനധികൃത കസ്റ്റഡിയില്‍ വെച്ചത്. ഈ മണിക്കൂറുകളത്രയും കേട്ടാലറയ്ക്കുന്ന തെറിയും അവഗണനയും അധിക്ഷേപവുമാണ് തെറ്റൊന്നും ചെയ്യാതെ ബിന്ദു അനുഭവിച്ചത്. കട്ടവനെ കിട്ടിയില്ലങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന പൊലീസ് കാടത്തത്തിന് നേര്‍ ഉദാഹരണമായി മാറുകയാണ് ബിന്ദു അനുഭവിച്ച നിമിഷങ്ങള്‍. ഈ പീഡനത്തിനെല്ലാം നേതൃത്വം കൊടുത്തത് പേരൂര്‍ക്കട സ്റ്റേഷനില്‍ അന്ന് എസ്.ഐയായിരുന്ന എസ്.ജി.പ്രസാദാണ്. ബിന്ദുവിന് നേര്‍ക്ക് പ്രസാദ് കാട്ടിക്കൂട്ടിയ പീഡനങ്ങള്‍ കൃത്യമായി വിവരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് മനോരമ ന്യൂസിന്.

​ഏപ്രില്‍ 23ന് വൈകിട്ട് നാലരയോടെയാണ് ബിന്ദുവിനെ പൊലീസ് പിടിക്കുന്നത്. ആറ് മണിയോടെ എസ്ഐ പ്രസാദിന്‍റെ മുന്നില്‍ ബിന്ദുവിനെ എത്തിച്ചു. മാല എടുത്തിട്ടുണ്ടോയെന്ന എസ്ഐയുടെ ചോദ്യത്തിന് ഇല്ലായെന്ന് പലതവണ ബിന്ദു ആവര്‍ത്തിച്ച് മറുപടി നല്‍കി. അത് അംഗീകരിക്കാന്‍ തയാറാകാതിരുന്ന എസ്ഐ വനിതാ പൊലീസിനെക്കൊണ്ട് ബിന്ദുവിന്‍റെ ശരീരം പരിശോധിപ്പിക്കുകയും വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു.

രാത്രി ഏഴരയായതോടെ വീണ്ടും പ്രസാദിന്‍റെ നേതൃത്വത്തിലായി ചോദ്യം ചെയ്യല്‍. ബിന്ദുവിനെ എസ്ഐയുടെ മുറിയിലേക്ക് വിളിപ്പിച്ചു. ‘മാല എവിടേടി’ എന്നായിരുന്നു ആദ്യ ചോദ്യം. ഞാന്‍ എടുത്തിട്ടില്ല സാറേ എന്ന് കൈകൂപ്പിക്കൊണ്ട് ബിന്ദുവിന്‍റെ മറുപടി. ഇതോടെ എസ്ഐയുടെ മട്ടും ഭാഷയും മാറി. ‘എടീ ***.....നീ കൂടുതല്‍ ഉണ്ടാക്കെണ്ടടി. മാല നിന്‍റെ വീട്ടിലുണ്ടോ പണയം വെച്ചോ...പറയടി...എടീ...മോളെ, നിന്‍റെ പേരില്‍ എഫ്ഐആര്‍ ഇടും. കൈകെട്ടി നിക്കടി, ഇറങ്ങിപ്പോടി മുറിയില്‍ നിന്ന്...ഞാന്‍ ഇപ്പോള്‍ കേസെടുക്കുമെടി***....’

ഇങ്ങിനെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അട്ടഹസിക്കുകയായിരുന്നു പ്രസാദ് പിന്നീട്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് എസ്ഐയുടെ തെറിയഭിഷേകവും കൈകെട്ടി കേണപേക്ഷിക്കുന്ന ബിന്ദുവിന്‍റെ ദയനീയാവസ്ഥയും വിവരിച്ചിരിക്കുന്നത്. തുടര്‍ന്ന് എസ്ഐയുടെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ബിന്ദു സ്റ്റേഷന്‍റെ മൂലയിലുണ്ടായിരുന്ന കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇരിക്കാന്‍ സമ്മതിക്കാതെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും എസ്ഐ ചെയ്തു. ഒമ്പത് മണി വരെ അവിടെ നിര്‍ത്തിയ ശേഷം മാല ബിന്ദുവിന്‍റെ വീട്ടിലുണ്ടെന്ന നിഗമനത്തിലേക്ക് എസ്ഐ എത്തി.

പിന്നീട് ആ രാത്രി മാലയുടമയുടെ കാറില്‍ ബിന്ദുവിനെയും മൂന്ന് പൊലീസുകാരെയും കൂട്ടി തെളിവെടുക്കാനായി ബിന്ദുവിന്‍റെ വീട്ടിലേക്ക് പോയി. ബിന്ദുവിനെതിരെ കേസ് പോലും റജിസ്റ്റര്‍ ചെയ്യും മുന്‍പായിരുന്നു പാതിരാത്രിയിലെ പൊലീസിന്‍റെ തെളിവെടുപ്പ്. ജോലി കഴിഞ്ഞ് മടങ്ങിവരാത്ത ബിന്ദുവിനെ കാണാതെ രണ്ട് പെണ്‍മക്കളും ഭര്‍ത്താവും അന്വേഷിച്ച് നടക്കുന്ന സമയമാണ് പൊലീസ് ബിന്ദുവിനെ കൂട്ടി വീട്ടിലെത്തുന്നത്. അതോടെ നാട്ടുകാര്‍ മുഴുവന്‍ കാര്യം തിരക്കി വന്നു. ചെയ്യാത്ത കുറ്റത്തിന് നാട്ടുകാരുടെ മുന്നില്‍ ആ രാത്രിയില്‍ കള്ളിയെപ്പോലെ നില്‍ക്കേണ്ടി വന്നു ബിന്ദുവിന്.

ബിന്ദുവിന്‍റെ വീട്ടില്‍ നിന്ന് മാല കണ്ടെടുത്തില്ല. എന്നിട്ടും വീട്ടില്‍ കഴിയാന്‍ അനുവദിക്കാതെ പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. രാത്രി പതിനൊന്നരയോടെ കേസെടുത്തു. റസ്റ്റ് റൂമിലേക്ക് പോലും മാറ്റാതെ രാത്രി മുഴുവന്‍ മാറിമാറി ചോദ്യം ചെയ്യുകയും കള്ളിയെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. പിറ്റേദിവസമായതോടെ കളിമാറി. കാണാതായെന്ന് പറഞ്ഞ മാല, വീട്ടുടമ ഓമന ഡാനിയലിന്‍റെ വീട്ടിലെ സോഫയില്‍ നിന്ന് തന്നെ കണ്ടെത്തി. ഇതോടെ മാല മോഷണം പോയിട്ടില്ലെന്നും പരാതി പറഞ്ഞത് തെറ്റായിപ്പോയെന്നും തിരിച്ചറിഞ്ഞ ഓമന ഡാനിയലും മകള്‍ നിധി ഡാനിയലും രാവിലെ ഒന്‍പതിന് തന്നെ പ്രസാദിനെ കാണാന്‍ സ്റ്റേഷനിലെത്തി. മാല കിട്ടിയ കാര്യം അറിയിക്കുകയും ചെയ്തു. എന്നിട്ടും ബിന്ദുവിനെ വിടാന്‍ എസ്ഐ ഒരുക്കമല്ലായിരുന്നു.

വീട്ടിലെ സോഫയില്‍ നിന്ന് മാല കിട്ടിയെന്ന് പറഞ്ഞാല്‍ താന്‍ കുടുങ്ങുമെന്ന് തിരിച്ചറിഞ്ഞ പ്രസാദ് വീട്ടുകാരേക്കൊണ്ട് കള്ളമൊഴി നല്‍കിച്ചു. വീടിന് പിന്നിലെ ചവറ് കൂനയില്‍ നിന്നാണ് മാല കിട്ടിയതെന്നും രാവിലെ വേസ്റ്റ് കത്തിക്കാന്‍ ഇറങ്ങിയപ്പോളാണ് കണ്ടതെന്നും പറഞ്ഞാല്‍ മതിയെന്ന് വീട്ടുകാരെ നിര്‍ബന്ധിപ്പിച്ചു. മൊഴിയും എഴുതിവാങ്ങിച്ചു. ചവറ് കൂനയില്‍ നിന്ന് മാല കിട്ടിയെന്ന് പറയിപ്പിച്ചത്, മോഷണത്തിന് പിടിക്കപ്പെട്ടപ്പോള്‍ ബിന്ദുവിന്‍റെ വീട്ടുകാര്‍ അവിടെക്കൊണ്ട് ഉപേക്ഷിച്ചതാണെന്ന് വരുത്തുകയായിരുന്നായിരുന്നു. ഇക്കാര്യം എസ്ഐ പറഞ്ഞിരുന്നതായി വീട്ടുടമയുടെ മകള്‍ നിധി ഡാനിയല്‍ മൊഴി നല്‍കിയിട്ടുണ്ട്. 

രാവിലെ ഒമ്പതരയോടെ ബിന്ദു നിരപരാധിയാണെന്നും മാല മോഷണം പോയില്ലെന്നും തെളിഞ്ഞിട്ടും ബിന്ദുവിനെ വിടാന്‍ എസ്ഐ തയാറായില്ല. പിന്നീട് പതിനൊന്ന് മണിയോടെ വീണ്ടും മുറിയിലേക്ക് വിളിച്ചുവരുത്തി ബിന്ദുവിനെ ചോദ്യം ചെയ്തു. അപ്പോളും ഞാന്‍ ഒന്നും മോഷ്ടിച്ചിട്ടില്ലായെന്ന് കൈകൂപ്പിക്കൊണ്ട് പറയുകയാണ് ബിന്ദു ചെയ്തത്. ഒടുവില്‍ പന്ത്രണ്ടരയോടെയാണ് ബിന്ദുവിനെ വിടാന്‍ പ്രസാദ് തയാറാകുന്നത്. പരാതിയില്ലായെന്ന് വീട്ടുടമ എഴുതി നല്‍കിയതിനാല്‍ വിടുന്നൂവെന്നാണ് അപ്പോഴും പ്രസാദ് പറയുന്നത്. 

‘ഇനിയെങ്കിലും മോഷ്ടിക്കാതെ മാന്യമായി ജീവിക്ക്...പേരൂര്‍ക്കടയിലെ അമ്പലമുക്കിലോ കണ്ട് പോകരുത്...പോടി വേഗം ഇറങ്ങി...’. പ്രസാദിന്‍റെ വക ഭീഷണിയും പുശ്ചവും കലര്‍ന്ന ഉപദേശം. ഇങ്ങനെയാണ് ഒരു തെറ്റും ചെയ്യാത്ത പാവപ്പെട്ട സ്ത്രീയെ പ്രസാദ് എന്ന എസ്.ഐ 20 മണിക്കൂര്‍ നീണ്ട അനധികൃത കസ്റ്റഡിക്ക് ശേഷം വിട്ടയക്കുന്നത്.

ENGLISH SUMMARY:

Police brutality case in Peroorkada: Bindu, a Dalit woman, was illegally detained by the police and faced severe harassment. This incident highlights the alleged abuse of power and the urgent need for police reform.