കാസർകോട് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. അമിത വേഗത്തിൽ കോളേജ് വിദ്യാർത്ഥികൾ ഓടിച്ച ജീപ്പാണ് കണ്ണാടിപ്പാറയിൽ അപകടമുണ്ടാക്കിയത്. സ്കൂൾ അധ്യാപകനായ ബാലകൃഷ്ണനെയാണ് വാഹനം ഇടിച്ചിട്ടത്.
വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ബാലകൃഷ്ണനെ അമിതവേഗതയിൽ എത്തിയ ജീപ്പ് ഇടിച്ചിടുകയായിരുന്നു. കോളേജ് വിദ്യാർത്ഥികൾ ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. ചെറുവത്തൂർ ഭാഗത്തുനിന്നും ചീമേനി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയി. അല്പസമയത്തിനുശേഷം ജീപ്പ് അപകടകരമാവിധം ചെറുവത്തൂർ ബസ് സ്റ്റാൻഡിലൂടെ കയറിയിറങ്ങി. ഇത് ഹോംഗാർഡ് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഹൈവേ പോലീസ് വാഹനം പിടികൂടുന്നത്. വാഹന ഉടമയെ പിഴ ചുമത്തി പറഞ്ഞുവിടാൻ തയ്യാറാകുമ്പോഴാണ് അധ്യാപകന്റെ അപകട വിവരം പൊലീസ് ലഭിക്കുന്നത്. അധ്യാപകനെ ഇടിച്ചിട്ട വാഹനത്തിന്റെ വിവരം സ്പെഷ്യൽ ബ്രാഞ്ച് കൈമാറിയതോടെയാണ്, ഹൈവേ പോലീസിന് തങ്ങളുടെ മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥികളാണ് കുറ്റക്കാരെന്ന് മനസ്സിലായത്.
ജീപ്പിൽ ഉണ്ടായിരുന്ന അഞ്ചു വിദ്യാർത്ഥികളെയും ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു.ചന്തേര ചീമേനി സ്റ്റേഷനുകളിലെ സ്പെഷ്യൽ ബ്രാഞ്ച് പോലീസുകാരുടെ സമയോചിതമായ ഇടപെടലിലാണ് ജീപ്പ് പിടികൂടാൻ സഹായകമായത്. അപകടത്തിൽ ബാലകൃഷ്ണന്റെ കൈയ്യല്ലുകൾക്ക് പൊട്ടലുണ്ട്.