തിരുവനന്തപുരം കിളിമാനൂരില്‍ മദ്യലഹരിയില്‍ യുവാക്കളെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. അക്രമികളെ കസ്റ്റഡിയിലെടുത്തെങ്കിലും വൈദ്യ പരിശോധന പോലും നടത്താതെ പൊലീസ് വിട്ടയച്ചു. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്നലെ രാത്രി പത്തര മണിയോടെയാണ് മദ്യപ സംഘത്തിന്റെ അതിക്രമം. കിളിമാനൂര്‍ സ്വദേശി ടി.എസ് വിനോദ് കുമാറിന്റെ വീടിന് മുന്നില്‍ അക്രമികള്‍ കാര്‍ പാര്‍ക്ക് ചെയ്തു. ഇത് മാറ്റാന്‍ വിനോദ് കുമാറും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ അക്രമികള്‍ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തെന്ന് വിനോദ് കുമാര്‍ പറയുന്നു.
ഇതിനിടയിലാണ് അക്രമികള്‍ക്കൊപ്പമുണ്ടായിരുന്ന, പിറകില്‍ പാര്‍ക്ക് ചെയ്ത് മറ്റൊരു കാര്‍ വിനോദ് കുമാറിനും സഹൃത്തുക്കള്‍ക്കും നേരെ ഇടിച്ച് കയറ്റിയത്. സംഘര്‍ഷ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു. കേസെടുക്കുകയോ, വൈദ്യ പരിശോധന നടത്തുകയോ ചെയ്യാതെയായിരുന്നു പൊലീസിന്റെ ഈ കരുതല്‍.
അക്രമത്തില്‍ വിനോദ് കുമാറിന്റെ സഹൃത്തായ ആനന്ദിന്റെ കൈപ്പത്തിക്ക് പൊട്ടലേറ്റു. കാലിനും പരുക്കുണ്ട്. മറ്റൊരു സുഹൃത്ത് ഷാനവാസിനും പരുക്കേറ്റു. ഇവര്‍ പൊലീസിന് രേഖാമൂലം പരാതി നല്കി. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുത്തു. ഇന്നലെ വിട്ടയച്ച അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ പൊലീസ്.