കോഴിക്കോട് സരോവരം പാര്‍ക്കില്‍ കുഴിച്ചുമൂടിയെന്ന് പറയപ്പെടുന്ന വിജിലിന്‍റെ ഷൂസ് കണ്ടെത്തി. സരോവരം തണ്ണീര്‍ തടത്തില്‍ നടത്തിയ തിരച്ചിലിലാണ് ഷൂസ് ലഭിച്ചത്. വിജിലിന്‍റെ മൃതദേഹത്തിനായി നാളെയും തിരച്ചില്‍ തുടരും.
കോഴിക്കോട് വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശി വിജിലിനായി സരോവരം തണ്ണീര്‍ത്തടത്തില്‍ നടത്തിയ തിരച്ചിലിന്‍റെ ആറാം ദിനമാണ് ഷൂസ് കണ്ടെത്തിയത്. വിജില്‍ ധരിച്ചിരുന്ന ഷൂസ് തന്നെയാണ് ലഭിച്ചതെന്ന് പ്രതികളായ കെകെ നിഖില്‍, ദീപേഷ് എന്നിവര്‍ പൊലീസിനോട് സ്ഥിരീകരിച്ചു. പ്രതികളെ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഇവര്‍ ചൂണ്ടിക്കാണിച്ച സ്ഥലത്തിന് സമീപമായാണ് ഷൂസ് ലഭിച്ചത്. മൃതദേഹത്തിനായി തിരച്ചില്‍ നാളെയും തുടരും.
തണ്ണീര്‍തടത്തിലെ വെള്ളം പൂര്‍ണമായി വറ്റിച്ചെങ്കിലും തിരച്ചിലിനായി എത്തിച്ച മണ്ണുമാന്തി യന്ത്രം ചെളിയില്‍ താഴ്ന്നു പോകുന്നത് പ്രതിസന്ധിയുണ്ടാക്കി. തിരച്ചിലില്‍ ലഭിച്ച ഷൂസ് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. 2019ലാണ് വിജിലിനെ സരോവരം തണ്ണീര്‍ത്തടത്തില്‍ താഴ്ത്തിയത്. ലഹരി ഉപയോഗത്തിനിടെ വിജില്‍ മരിച്ചുവെന്നായിരുന്നു പ്രതികളുടെ മൊഴി. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.