നിരവധി ലഹരി കേസുകളിലെ പ്രതിയായ ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന കണ്ണൂർ സ്വദേശി നിഖിലയെ കരുതൽ തടങ്കലിൽ ആക്കി എക്സൈസ്. പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കണ്ണൂരിൽ നിന്ന് കരുതൽ തടങ്കലിൽ ആകുന്ന ആദ്യ വനിതയാണ് നിഖില . ആറുമാസത്തേക്കാണ് കരുതൽ തടങ്കൽ. പ്രതിയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് നിഖിലയെ മാറ്റുക. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് ബലം പ്രയോഗിച്ചാണ് നിഖിലയെ എക്സൈസ് പിടികൂടിയത്.
ബംഗളൂരുവിൽ നിന്ന് സ്ഥിരമായി ലഹരി എത്തിച്ച് ബുള്ളറ്റിൽ കറങ്ങി വിൽപ്പനയായിരുന്നു ബുള്ളറ്റ് ലേഡിയുടെ സ്ഥിരം പരിപാടി. പലതവണ പിടിക്കപ്പെട്ടെങ്കിലും ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഇതേ പണി തുടർന്നു. വീണ്ടും വീണ്ടും പിടിക്കപ്പെട്ടതോടെ പൂട്ട് മുറുക്കാൻ എക്സൈസ് തീരുമാനിച്ചത്. നിഖിലയെ തേടി പയ്യന്നൂരിലെത്തിയെങ്കിലും നിഖില മുങ്ങി. ബംഗളൂരുവിൽ എന്ന വിവരത്തെ തുടർന്ന് അവിടെയെത്തിയ എക്സൈസ് സംഘം മടിവാളയിൽ നിന്നാണ് ബുള്ളറ്റ് ലേഡിയെ പിടികൂടിയത്. കൂടെയുള്ളവർ ചെറുക്കാന് ശ്രമിച്ചെങ്കിവും എക്സൈസ് സംഘം ബലംപ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ബുള്ളറ്റ് ലേഡിയെ കരുതൽ തടങ്കലിൽ അടയ്ക്കാൻ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് നടപടി. സംസ്ഥാന, ജില്ലാ തീവ്രവാദ വിരുദ്ധ സ്ക്വാഡ്, എക്സൈസ് സൈബർ സെൽ, ബംഗളൂരുവിലെ സെൻട്രൽ ക്രൈംബ്രാഞ്ച് നർക്കോട്ടിക് വിങ്, മടിവാള പോലീസ് എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ലഹരി ലേഡിയെ പൂട്ടാൻ കഴിഞ്ഞത്. ട്രെയിൻ മാർഗ്ഗം തിരുവനന്തപുരത്ത് എത്തിക്കുന്ന ബുള്ളറ്റ് ലേഡിയെ അട്ടക്കുളങ്ങര ജയിലിൽ ആറുമാസത്തേക്കാണ് കരുതൽ തടങ്കലിൽ വയ്ക്കുക.
ലഹരി കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവരെ കരുതൽ തടങ്കലിൽ വയ്ക്കുന്ന വകുപ്പാണ് പിറ്റ് എൻഡിപിഎസ് ആക്ട്. നിരവധി പുരുഷൻമാരെ കണ്ണൂർ ജില്ലയിൽ നിന്ന് ഈ ആക്ട് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെങ്കിലും അക്കൂട്ടത്തിൽ വനിതകൾ ഏതുമുണ്ടായിരുന്നില്ല. ബുള്ളറ്റ് ലേഡി എന്ന നിഖിലയെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം ജയിലിലേക്ക് അയച്ചതോടെ അതുമായി.