TOPICS COVERED

ആദ്യം ഒരു ഹായ് മെസേജില്‍ പരിചയപ്പെടും, പിന്നാലെ സ്ഥിരം മെസേജും കോളും, ഇതിനിടെ നേരില്‍ കാണാമെന്ന് പറഞ്ഞ് വിളിക്കും, ഒടുവില്‍ നഗ്ന ഫോട്ടോകൾ പകര്‍ത്തി  ഭീഷണി, ഇതാണ് കുന്താപുരയിലെ അസ്മ എന്ന നാല്‍പ്പത്തി മൂന്നുകാരിയുടെ ഹണിട്രാപ്പ് കുരുക്ക്. 

ഉഡുപ്പി കുന്താപുരയിൽ മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം കവര്‍ന്ന സംഭവത്തില്‍ ആറുപ്രതികളാണ് അറസ്റ്റിലായത്. കുന്താപുരയിലെ കോടിയിൽ താമസിക്കുന്ന അസ്മ, ബൈന്ദൂര്‍ സ്വദേശി സവാദ് , ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള, ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ് , അബ്ദുള്‍ സത്താര്‍, ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു. കാസർകോട് സ്വദേശിയായ 37 വയസ്സുകാരനെയാണ് ഇവർ ഹണിട്രാപ്പിൽ കുടുക്കിയത്.

ഫോണിലൂടെയാണ് അസ്മയെ യുവാവ് പരിചയപ്പെട്ടത്. കഴിഞ്ഞ് തിങ്കളാഴ്ച നേരിട്ടു കാണാമെന്ന് യുവതി പറഞ്ഞു. കുന്താപുരയിലെ പെട്രോൾ പമ്പിനു സമീപം കാണാമെന്നായിരുന്നു പറഞ്ഞത്. ഇതനുസരിച്ച് ഇവിടെയെത്തിയ യുവാവിനെ, അസ്മ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നാലെ മറ്റു പ്രതികളും ഇവിടെയെത്തി. തുടർന്ന് യുവാവിന്റെ നഗ്ന ഫോട്ടോകൾ പകർത്തിയ ശേഷം മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.

പണം നൽകാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിക്കുകയും കൈവശമുണ്ടായിരുന്ന 6200 രൂപ കൈക്കലാക്കുകയും ചെയ്തു. യുപിഐ വഴി അക്കൗണ്ടിലുണ്ടായിരുന്ന 30,000 രൂപയും തട്ടിയെടുത്തു. യുവാവിന്റെ കൈയിലുണ്ടായിരുന്ന ഒരു എടിഎം കാര്‍ഡ് തട്ടിയെടുത്ത് ഇതില്‍നിന്ന് 40,000 രൂപയും പിന്‍വലിച്ചു. ഇതിനുശേഷം രാത്രിയാണ് യുവാവിനെ വിട്ടയച്ചത്. പിന്നാലെയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. 

ENGLISH SUMMARY:

Honey trap is a form of online crime that lures the victim into an intimate relationship. The victim is blackmailed with nude photos or videos and extorted for money, with the money being illegally usurped.