പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത് വിഡിയോ പ്രചരിച്ച സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍. മംഗളൂരു സ്വദേശികളായ കാര്‍ത്തിക്, രാകേഷ് സല്‍ദാന, ജീവന്‍, സന്ദീപ്, രക്ഷിത്, ശ്രാവന്‍, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് രണ്ട് മാസം മുന്‍പാണ് കേസിലെ ഒന്നാം പ്രതി കാര്‍ത്തിക്കുമായി പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ ചാറ്റുകള്‍ പിന്നീട് പ്രണയത്തിലെത്തി. ജൂണ്‍ 29 ന് കാര്‍ത്തിക്കും സുഹൃത്ത് രാകേഷും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
മംഗളൂരു വളച്ചിലിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനാണ് കാര്‍ത്തിക്ക് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയത്. ശേഷം പെണ്‍കുട്ടിയും അഡയാര്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ കാടുപിടിച്ച പ്രദേശത്ത് എത്തിക്കുകയായിരുന്നു. ഇവിടെ വച്ചാണ് കാര്‍ത്തിക് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതേസമയം ഒപ്പമുണ്ടായിരുന്ന രാകേഷ് സല്‍ദാനയും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സുഹൃത്ത് പീഡിപ്പിക്കുന്ന ദൃശ്യം കാര്‍ത്തിക്ക് ഫോണില്‍ ചിത്രീകരിച്ച് മറ്റുകൂട്ടുകാരുമായി പങ്കുവയ്ക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെയും വിഡിയോ പ്രചരിപ്പിച്ചതിന് അഞ്ചു പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ ഒന്നാം നമ്പർ പ്രതിയുമായി പെൺകുട്ടി സൗഹൃദം സ്ഥാപിക്കുകയും അയാളും സുഹൃത്തുമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോകുകയും ചെയ്തുവെന്ന് സുധീര്‍ കുമാര്‍ റെഡ്ഡി പറഞ്ഞു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസ്.