കണ്ണൂര്‍ കണ്ണപുരത്തെ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിന്‍റെ ലക്ഷ്യം കച്ചവടം മാത്രമാണെന്ന് പൊലീസ്. ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് പ്രതിയുടെ രീതിയെന്നും മറ്റു ഇടപെടലുകള്‍ സംശയിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് ശേഷം റിമാന്‍ഡ് ചെയ്യും.
ഉല്‍സവകാലം അല്ലാതിരുന്നിട്ടും ഉഗ്രശേഷിയുള്ള ഗുണ്ട് എന്തിന് നിര്‍മിച്ചുവെന്നായിരുന്നു പൊലീസിന്‍റെ സംശയം. ഏതെങ്കിലും പ്രത്യേക താല്‍പര്യത്തിന് വേണ്ടിയാണോ എന്നും സംശയിച്ചിരുന്നു. എന്നാല്‍ പൊലീസ് പറയുന്നതിങ്ങനെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ അനൂപ് മാലിക്കിന്‍റെ രീതി പടക്കം നിര്‍മിച്ച് കച്ചവടം ചെയ്യുകയെന്നതാണ്. മുന്‍പ് സ്ഫോടനങ്ങളുണ്ടായപ്പോഴും ഇതുതന്നെയായിരുന്നു കണ്ടെത്തല്‍. കണ്ണപുരത്തും ലക്ഷ്യം അതുതന്നെയായിരുന്നു. ഉല്‍സവകാലത്തേക്ക് നേരത്തെ പടക്കം ഉണ്ടാക്കി വെച്ചതാണെന്നാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
പടക്കനിര്‍മാണത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. അതിനാല്‍, അനധികൃതമായി വെടിമരുന്നും അസംസ്കൃത വസ്തുക്കളും വാങ്ങിക്കൊണ്ടുവന്നാണ് ഇവ നിര്‍മിച്ചിരുന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്. അനൂപ് മാലികിനെ ഇന്നലെ കാഞ്ഞങ്ങാട് നിന്നാണ് പൊലീസ് പിടികൂടിയത്. മംഗലാപൂരത്തേക്ക് കടക്കാനായിരുന്നു ശ്രമം. കണ്ണപുരം പൊലീസ് രാത്രി അറസ്റ്റ് രേഖപ്പെടുത്തി.