നടക്കാവ് തട്ടിക്കൊണ്ട് പോകല്‍ കേസില്‍ അടിമുടി ട്വിസ്റ്റ്. തട്ടിക്കൊണ്ട് പോകലിന് ഇരയായ വയനാട് സ്വദേശി റഹീസ് പ്രതികള്‍ക്ക് നല്‍കാനുള്ളത് ലക്ഷക്കണക്കിന് രൂപ. ദുബായിയില്‍ നിന്ന് ഐഫോണ്‍ ഇറക്കുമതി ചെയ്യാമെന്ന് പറഞ്ഞ് റഹീസ് പണം തട്ടുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. തട്ടിക്കൊണ്ട് പോകാന്‍ റഹീസിനെ വിളിച്ചു വരുത്തിയ പെണ്‍ സുഹൃത്ത് ഷഹാന ഷെറിന്‍ ഉള്‍പ്പടെ ഒന്‍പത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
വീടും പറമ്പും സ്വര്‍ണവുമെല്ലാം വിറ്റ് നല്‍കിയ ലക്ഷക്കണക്കിന് രൂപ റഹീസ് തിരികെ നല്‍കാതായതോടെ ഗതികെട്ടാണ് പ്രതികള്‍ തട്ടിക്കൊണ്ട് പോകല്‍ ആസൂത്രണം ചെയ്തത്. ദുബായിയില്‍ നിന്ന് ഐഫോണ്‍ ഇറക്കുമതി ചെയ്യാമെന്ന് പറഞ്ഞാണ് വയനാട് പടിഞ്ഞാറേത്തറ സ്വദേശി റഹീസ് പണം വാങ്ങുന്നത്. പിന്നീട് വിദേശത്തേക്ക് കടന്ന റഹീസ് ഐഫോണും, പണവും നല്‍കിയില്ല. റഹീസിന്‍റെ പെണ്‍സുഹൃത്ത് ഷഹാന ഷെറിന്‍ പ്രതികളുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തായിരുന്നു.
പ്രതികള്‍ക്ക് ഒപ്പം നിന്ന ഷഹാന രാത്രിയില്‍ റഹീസിനെ ഹോസ്റ്റലിന് സമീപത്തേക്ക് വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ട് പോയത്. സംഭവം ആസൂത്രണം ചെയ്യുന്നതിനായി പ്രതികളുടെ വാഹനത്തില്‍ ഷഹാന കയറുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. പിടിയിലായ സിനാന്‍, അഭിറാം, അബു താഹിര്‍ എന്നിവര്‍ക്കാണ് റഹീസ് പണം നല്‍കാന്‍ ഉണ്ടായിരുന്നത്. അഭിറാമിന് 45 ലക്ഷവും, അബു താഹിറിന് 19 ലക്ഷവും നല്‍കാനുണ്ടെന്നാണ് പ്രതികളുടെ മൊഴി. പ്രതികളില്‍ ഒരാളായ സിനാന്‍റെ ബന്ധുവിന്‍റെ മാല വിറ്റ് നല്‍കിയ പണത്തിന് പകരം റഹീസ് നല്‍കിയത് മുക്കുപണ്ടമായിരുന്നു.
എന്നാല്‍ റഹീസിന് പണം നല്‍കിയതിന് രേഖകളില്ലെന്നും പ്രതികള്‍ പറയുന്നു. രാത്രി ഒരു മണിക്കാണ് നടക്കാവ് ജവഹര്‍ നഗറില്‍ നിന്ന് നാലംഗ സംഘം റഹീസിനെ തട്ടിക്കൊണ്ട് പോയത്. സിസിടിവി ദൃശ്യങ്ങള്‍ സഹിതം നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കേസില്‍ നേരിട്ടും അല്ലാതെയും ഉള്‍പ്പെട്ട ഒന്‍പത് പ്രതികളെയും വാഹനവും നടക്കാവ് പൊലീസും സംഘവും പിടികൂടി. റഹീസിന്‍റെ പെണ്‍ സുഹൃത്ത് താമസിക്കുന്ന ഹോസ്റ്റലിനെതിരെയും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.