കോഴിക്കോട് നഗരത്തില്‍ വീണ്ടും ലഹരിമരുന്നുവേട്ട. പന്തീരാങ്കാവില്‍ 30 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. വളര്‍ത്തുനായ്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.
ഇന്നലെ രാത്രി കുഴല്‍നടക്കാവിലെ ഫ്ലാറ്റില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്. അരീക്കാട് സ്വദേശി അബ്ദുള്‍ സമദ്, സഹോദരന്‍ സാജീദ് ജമാല്‍, ആലപ്പുഴ സ്വദേശി അറഫ നദീര്‍ എന്നിവരാണ് പിടിയിലായത്. പൊലീസ് എത്തുമ്പോള്‍ ലഹരി ഉപയോഗിച്ച നിലയിലായിരുന്നു പ്രതികള്‍. പൊലീസിനെ കണ്ടതോടെ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാനും ശ്രമിച്ചു.
നഗരത്തിലെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചാണ് എംഡിഎംഎ എത്തിച്ചത്. ലഹരിമരുന്ന് വില്‍പ്പനയ്ക്കായും വിദ്യാര്‍ഥികളെ സംഘം ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. 18 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ ഈയിടെയാണ് സമദും സാജീദും ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സാജിദും നദീറും ജയിലില്‍വെച്ചാണ് പരിചയപ്പെട്ടത്. ജാമ്യത്തിലിറിങ്ങിയ നദീറിനെ ലഹരിമരുന്ന് കച്ചവടത്തിനായി സാജിദ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.