കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ലക്ഷ്മി മൂന്നാംപ്രതിയായ കേസില്‍ നടിയുടെ കൂട്ടാളികളായ യുവതിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐടി ജീവനക്കാരന് ലൈംഗികമായി അധിക്ഷേപിച്ചെന്നും ബീര്‍ കുപ്പികൊണ്ട് ആക്രമിച്ചുവെന്നുമാണ് നടിയുടെ വാദം.
ഒളിവിലുള്ള ലക്ഷ്മി മേനോനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് നടി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. പരാതി കെട്ടിചമച്ചതാണെന്നും ബാറില്‍വെച്ച് അസഭ്യം വിളിച്ചതും അധിക്ഷേപിച്ചതും പരാതിക്കാരനായ ഐടി ജീവനക്കാരനാണെന്നുമാണ് നടിയുടെ വാദം. ബാറില്‍ നിന്ന് ഇറങ്ങിയ ശേഷം ഇയാളും സംഘവും പിന്തുടര്‍ന്നുവെന്നും നടി ആരോപിക്കുന്നു. അടുത്ത മാസം വാദം കേള്‍ക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. നടി ഒളിവിലാണെന്ന് രാവിലെ കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച അർധരാത്രിയോടെ നോർത്ത് പാലത്തിന് മുകളിലായിരുന്നു നടി ലക്ഷ്മി മേനോന്റെയും കൂട്ടരുടെയും പരാക്രമം. ബാനർജി റോഡിലെ വെലോസിറ്റി ബാറിൽ നിന്നാണ് തർക്കങ്ങളുടെ തുടക്കം. ക്രിമിനൽ കേസ് പ്രതികളായ മിഥുൻ, അനീഷ് എന്നിവരോടൊപ്പമാണ് ലക്ഷ്മി മേനോനും ആലപ്പുഴ സ്വദേശി സോനമോളും ബാറിലെത്തിയത്. മർദ്ദനമേറ്റ ഐടി ജീവനകാരനോടൊപ്പമെത്തിയ യുവതിയോട് സംസാരിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ബാറിൽ വകുതർക്കത്തിന് പിന്നാലെ കാറില്‍ പുറത്തിറങ്ങിയ സംഘത്തെ ലക്ഷ്മി മേനോനും കൂട്ടരും റോഡില്‍ തടഞ്ഞു. അസഭ്യം വിളിച്ച് ആക്രോശങ്ങൾക്ക് പിന്നാലെ ഐടി ജീവനക്കാരനെ കാറിൽ നിന്ന് പിടിച്ചിറക്കി തട്ടിക്കൊണ്ടുപോയി. കാറിൽ വെച്ച് മർദിച്ച ശേഷം വഴിയിൽ ഇറക്കിവിട്ടു.
ദൃശ്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് നടിയെ കേസിൽ പ്രതി ചേർത്തത്. ലക്ഷ്മി ഒഴികെ മറ്റ് മൂന്നുപേരെയും നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. സ്വർണം തട്ടിയെടുത്ത കേസിലും അടിപിടി കേസുകളിലും പ്രതികളാണ് നടിയോടൊപ്പമുണ്ടായിരുന്ന യുവാക്കൾ. നടിയുടെ സുഹൃത്ത് സോനയുടെ പരാതിയിൽ ഐടി ജീവനക്കാരനെതിരെയും കേസുണ്ട്.