സ്ത്രീധന പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനെതിരെ മറ്റൊരു സ്ത്രീധന പീഡന പരാതി. മനസാക്ഷിയെ ഞെട്ടിച്ച ഗ്രേറ്റര്‍ നോയിഡ സ്ത്രീധനപീഡന കൊലപാതകത്തിലാണ് വഴിത്തിരിവ്. കൊല്ലപ്പെട്ട നിക്കി ഭാട്ടിയുടെ കുടുംബം സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഉപദ്രവിച്ചെന്ന് സഹോദര ഭാര്യ മീനാക്ഷി ആരോപിച്ചു.
ഏതാനും ദിവസം മുന്‍പാണ് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നിക്കി ഭാട്ടിയെന്ന യുവതിയെ ഭര്‍ത്താവ് വിപിന്‍ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് തീകൊളുത്തിക്കൊന്നത്. സ്ത്രീധനപീഡനമാണ് കൊലയ്ക്കു കാരണമെന്ന് നിക്കിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പിന്നാലെ വിപിന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും പൊലീസ് കാലിന് വെടിയുതിര്‍ത്ത് പിടികൂടുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇപ്പോള്‍ നിക്കിയുടെ സഹോദരന്‍ രോഹിത്തിന്‍റെ ഭാര്യ മീനാക്ഷി ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനം ആരോപിച്ച് എത്തിയിരിക്കുന്നത്.
സ്ത്രീധനമായി നല്‍കിയ കാര്‍ പോരെന്നും വിലകൂടിയ മറ്റൊരു കാര്‍ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പീഡനം. നിക്കിയും ഇതിന് കൂട്ടുനിന്നു. രണ്ടു തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. ഒരിക്കല്‍ തന്‍റെ സഹോദരനെ ഭര്‍ത്താവ് രോഹിത് വെടിവച്ചുകൊല്ലാന്‍ ശ്രമിച്ചെന്നും മീനാക്ഷി പറയുന്നു. 2016 ല്‍ ആണ് മീനാക്ഷിയും രോഹിത്തും വിവാഹിതരായത്.