മോഷ്ടിച്ച ബുള്ളറ്റില്‍ കാമുകിയുമൊത്ത് കറങ്ങുന്നതിനിടെ യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി ജസീലാണ് പൊലീസിന്‍റെ പിടിയിലായത്. റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഹിമാലയന്‍ മോഡല്‍ ബുള്ളറ്റ് മാത്രം മോഷ്ടിക്കുകയാണ് ജസീലിന്‍റെ ഹോബിയെന്ന് പൊലീസ് പറയുന്നു. എറണാകുളം സെന്‍ട്രല്‍ സ്ക്വയര്‍ മാള്‍ പരിസരത്ത് നിന്നും മൂന്ന് മാസം മുന്‍പ് ലോക്ക് പൊളിച്ചാണ് ജസീല്‍ ബുള്ളറ്റ് കടത്തിയത്. പിന്നാലെ കൊച്ചിയില്‍ നിന്ന് സ്ഥലം വിടുകയും ചെയ്തു.

മുംബൈയില്‍ ജ്യൂസ് കടയിലാണ് ജസീല്‍ ജോലി ചെയ്തിരുന്നത്. മോഷണത്തിന് പിന്നാലെ മുംബൈയിലേക്കും മടങ്ങി. പൊലീസ് അന്വേഷിച്ച് മുംബൈയിലെത്തിയതോടെ ജസീല്‍ നാട്ടിലേക്ക് മടങ്ങി. ജസീല്‍ ബുള്ളറ്റില്‍ കറങ്ങി നടക്കുന്നത് തൃശൂര്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഫൊട്ടോ എറണാകുളം പൊലീസിന് കൈമാറി. ജസീലെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് വല വിരിച്ചു. ഇതിനിടെയാണ് കാമുകിയുമായി നഗരത്തില്‍ ജസീല്‍ കറങ്ങാനിറങ്ങിയത്. 

മോഷ്ടിച്ച ബൈക്ക് സ്വന്തമെന്ന് കാമുകിയെ വിശ്വസിപ്പിച്ചായിരുന്നു ജസീലിന്‍റെ കറക്കം. മുന്‍പ് എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിസരത്ത് നിന്നും ജസീല്‍ ബുള്ളറ്റ് മോഷ്ടിച്ചിരുന്നു. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് താന്‍ ഹിമാലയന്‍ മോഡല്‍ മാത്രമേ മോഷ്ടിക്കുകയുള്ളൂവെന്നും മറ്റ് മോഡലുകളോട് താല്‍പര്യമില്ലെന്നും ഇയാള്‍ വെളിപ്പെടുത്തിയത്. 

ENGLISH SUMMARY:

Bike Theft is the focus of this article where a youth was arrested for stealing a Royal Enfield Himalayan and riding around with his girlfriend. The accused had a penchant for only stealing Himalayan models and was apprehended in Kerala.