ആറ് വർഷം മുൻപ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തി. 2019-ൽ വെസ്റ്റ് ഹിൽ സ്വദേശിയായ വിജിലിനെ (35) കാണാതായ കേസിലാണ് ഞെട്ടിക്കുന്ന വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ രഞ്ജിത്തിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
ലഹരി ഉപയോഗമാണ് മരണകാരണമെന്ന് പ്രതികൾ
പ്രതികൾ നൽകിയ മൊഴി പ്രകാരം, വിജിലിന്റെ മരണം കൊലപാതകമല്ല, ലഹരിയുടെ അമിത ഉപയോഗം മൂലമുണ്ടായതാണ്. കോഴിക്കോട് സരോവരം പാർക്കിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ വെച്ച് ബ്രൗൺ ഷുഗർ കുത്തിവെച്ച് ലഹരി ഉപയോഗിക്കുന്നതിനിടെ വിജിൽ മരിക്കുകയായിരുന്നു. ലഹരിയുടെ അമിത ഉപയോഗം മരണം സംഭവിക്കാൻ കാരണമാകുമെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതികൾ വിജിലിന് ബ്രൗൺ ഷുഗർ നൽകിയത്.
മൃതദേഹം കുഴിച്ചുമൂടി
വിജിൽ മരിച്ചെന്ന് മനസ്സിലാക്കിയ പ്രതികൾ മൃതദേഹം തെളിവ് നശിപ്പിക്കാനായി ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. പിന്നീട് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് ഇവർ വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ കടലിൽ കളഞ്ഞെന്നാണ് പൊലീസിന് നൽകിയ മൊഴി. വിജിൽ സുഹൃത്തുക്കൾക്കൊപ്പം പോയതാണെന്ന് നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ഈ സൂചനകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.
മകനായ വിജിലിനെ കാണാതായതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി പിതാവ് വിജയൻ. 2019 മാർച്ച് 24-ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ 'ഇപ്പോൾ വരാം' എന്ന് പറഞ്ഞാണ് വിജിൽ പോയതെന്ന് വിജയൻ മനോരമ ന്യൂസിനോട് പറഞ്ഞു. അന്ന് വൈകുന്നേരം മൂന്ന് മണിക്ക് ശേഷം വിജിൽ വീട്ടിലേക്ക് വിളിച്ചിട്ടില്ല. വിജിൽ സാധാരണയായി സരോവരത്തുള്ള സുഹൃത്തിൻ്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. എന്നാൽ കാണാതായ ദിവസം എവിടെയാണ് പോയതെന്ന് അറിയില്ലെന്നും വിജയൻ വ്യക്തമാക്കി.