കോഴിക്കോട് തിരുവമ്പാടിയിൽ സ്ത്രീയ്ക്ക് നേരെ മദ്യപന്റെ അതിക്രമം. റോഡിലൂടെ നടന്നു പോയ സ്ത്രീയെ ചവിട്ടി വീഴ്ത്തി. അതിക്രമം നടത്തിയ തിരുവമ്പാടി സ്വദേശി ഷിഹാബുദ്ദീനെതിരെ കേസെടുത്തു.
ഇന്നലെ വൈകുന്നേരം നാല് മണിയോടെ തിരുവമ്പാടി ബിവ്റേജസ് ഔട്ട്ലെറ്റിനു സമീപത്ത് വെച്ചായിരുന്ന സ്ത്രീക്ക് നേരെ ക്രൂരമായ അതിക്രമം നടന്നത്. നടന്നു പോകുന്ന സ്ത്രീയുമായി വാക്കു തർക്കമുണ്ടായതിന് ശേഷം പിന്നാലെ എത്തിയ ഷിഹാബുദ്ദീൻ ചവിട്ടി വീഴ്ത്തുകയായിരുന്നു.
മദ്യ ലഹരിയിലായിരുന്നു ഷിഹാബുദ്ദീൻ അതിക്രമം നടത്തിയത്. മദ്യപിച്ച് പൊതു സ്ഥലത്ത് ശല്യമുണ്ടാക്കിയതിനാണ് ഷിഹാബുദ്ദിനെതിരെ പൊലീസ് കേസെടുത്തത്. ആക്രമണത്തിന് ഇരയായ സ്ത്രീ പരാതിപ്പെട്ടിട്ടില്ല, ഫോണിൽ ബന്ധപ്പെട്ടപ്പോൾ പരാതിയില്ലെന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. പരാതി ലഭിച്ചാൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിനുൾപ്പെടെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് തിരുവമ്പാടി പൊലീസ് പറഞ്ഞു