TOPICS COVERED

ആലപ്പുഴ തോട്ടപ്പള്ളിയിലെ കൊലപാതകത്തില്‍ തെറ്റായി പ്രതി ചേര്‍ത്തതിനെതിരെ അബൂബക്കറിന്‍റെ കുടുംബം.  മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുമെന്ന് മകൻ റാഷിദ് അറിയിച്ചു. കേസില്‍ തെറ്റായി പ്രതിയാക്കപ്പെട്ട അബുബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യഥാർഥ പ്രതികളെ പിന്നീടാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വം കുടുക്കാന്‍ ശ്രമമെന്നും തന്നെ പെടുത്തുമെന്ന് അബൂബക്കര്‍ പറഞ്ഞതായും മകന്‍ റാഷിദ് മനോരമ ന്യൂസിനോട് പറഞ്ഞു.

പ്രതികള്‍ കൊല്ലപ്പെട്ട ഹംലത്തിന്‍റെ അയല്‍വാസികളായ മോഷണക്കേസ് പ്രതിയും ഭാര്യയും ആയിരുന്നു. ഇരുവരും മൈനാഗപ്പള്ളിയില്‍ നിന്നാണ് പിടിയിലായത്. ഹംലത്തുമായി ബന്ധമുള്ള അബൂബക്കര്‍ കൊല നടന്ന ദിവസം രാത്രി ആ വീട്ടില്‍ എത്തിയിരുന്നു. ഈ സമയത്ത് ശാരീകാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹംലത്തിന് അബൂബക്കര്‍ ശീതളപാനീയം നല്‍കുകയും അവര്‍ ഉറങ്ങുകയും ചെയ്തു. ഈ സമയത്താണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനായി പ്രതികള്‍ ഈ വീട്ടില്‍ എത്തുന്നത്. അബൂബക്കര്‍ പോയ ശേഷം വീട്ടിനകത്തേക്ക് കടന്ന പ്രതികളുടെ മോഷണശ്രമത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഹംലത്തിനെ ഇരുവരും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മോഷണത്തിനായി ഇരുവരും വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. കൊലപാതകത്തിന് ശേഷം മുളകുപൊടി വിതറുകയും ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ മൊബൈല്‍ ഫോണും കമ്മലും ഇരുവരും കൈക്കലാക്കുകയും ചെയ്തിരുന്നു. മൊബൈല്‍ഫോണാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്. മൊബൈല്‍ഫോണ്‍ മറ്റൊരു സിം കാര്‍ഡ് ഇട്ട് ഉപയോഗിക്കാന്‍ ശ്രമിച്ചതാണ് ഇരുവരെയും കുടുക്കിയത്. ഇരുവരും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പിടിയിലായ സ്ത്രീ അപസ്മാരത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ ചികില്‍സക്കായി ആശുപത്രിയില്‍ എത്തിച്ചു.

ENGLISH SUMMARY:

Alappuzha Murder Case: Abu Bakkar's family alleges wrongful implication in Thottappally murder case. They have filed complaints with the Chief Minister and DGP, planning to approach the Human Rights Commission.