ഇടുക്കി ഉടുമ്പന്നൂരിൽ വീടിനുള്ളിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയത് ആത്മഹത്യയെന്ന് പൊലീസ്. പ്രാഥമിക പോസ്റ്റുമോർട്ടം പരിശോധനയിൽ കൊലപാതകത്തിനുള്ള തെളിവുകൾ കണ്ടെത്താനായില്ല. പാറത്തോട് സ്വദേശികളായ ശിവഘോഷിനെയും മീനാക്ഷിയെയും ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് ശിവഘോഷിനെ ഉടുമ്പന്നൂരിലെ വാടക വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ അകത്തെ മുറിയിൽ മീനാക്ഷിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ മുറിവേറ്റ പാടുകൾ കണ്ടതോടെ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസിന്റെ സംശയം. ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകത്തിന്റെ തെളിവുകൾ കണ്ടെത്താനായില്ല. ഇരുവരും ജീവനൊടുക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വാഴക്കുളത്തെ സ്വകാര്യ കോളജുകളിലെ വിദ്യാർഥികളായ ഇരുവരും അടുപ്പത്തിലായിരുന്നു. പാറത്തോട് സ്വദേശിയായ മീനാക്ഷി ഇന്നലെ രാവിലെയാണ് ഉടുമ്പന്നൂരിലുള്ള ശിവഘോഷിന്റെ വാടക വീട്ടിലെത്തിയത്. മുൻകൂട്ടിയുള്ള തീരുമാനപ്രകാരമാണോ ആത്മഹത്യയെന്ന് കണ്ടെത്താൻ കരിമണ്ണൂർ പൊലീസ് അന്വേഷണം തുടരുകയാണ്.