ഭാര്യയെയും മരുമകളെയും ഉപയോഗിച്ച് താലിമാലയെന്ന വ്യാജേന സ്വർണം കടത്തിയ പൊള്ളാച്ചി സ്വദേശി നെടുമ്പാശേരിയിൽ കസ്റ്റംസിന്റെ പിടിയിൽ. കഴിഞ്ഞ ദിവസം ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലെത്തിയപ്പോളാണ് സ്വർണം കടത്തിയത്. ഇയാളുടെ കയ്യിൽ നിന്ന് ഒരു മാലയും കഴുത്തിൽ അണിഞ്ഞ നിലയിൽ രണ്ട് മാലയും പിടികൂടി. ഭാര്യയുടെയും മരുമകളുടെയും പക്കൽ നിന്നും 300 ഗ്രാം വീതം വരുന്ന താലിമാലകളും കണ്ടെത്തി.
അന്ന് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും കൃത്യമായി മറുപടി നൽകിയില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയതും മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതും. കസ്റ്റംസ് പരിശോധന ഒഴിവാക്കാൻ സ്ഥിരമായി വീൽചെയറിലാണ് ഇയാളുടെ യാത്ര. ഇവരുടെയും മുൻകാല യാത്രകളും പരിശോധിക്കാൻ ഒരുങ്ങുകയാണ് കസ്റ്റംസ്. കസ്റ്റംസ് കമ്മീഷണർ ഗുർകരൻ സിംഗ് ബെയ്ൻസിന്‍റെ നിർദേശപ്രകാരം ജോയിന്‍റ് കമ്മീഷണർ ശ്യാംലാലിന്‍റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മീഷണർ ടിപി സലിംകുമാറിന്‍റെ ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.