എറണാകുളം കോതമംഗലം ഊന്നുകല്ലിനു സമീപം ആൾ താമസമില്ലാത്ത വീടിൻ്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം. ദുർഗന്ധം കാരണം ഉടമയും പോലീസും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടത്. ഉടമ ഫാ.മാത്യൂസ് ജേക്കബ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോൾ വർക്ക് ഏരിയയുടെ ഗ്രില്ല് തകർന്ന് കിടക്കുന്നത് കണ്ട് ഊന്നുകൽ പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് വീണ്ടും വീട്ടിലെത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. പന്തികേട് തോന്നിയ വീട്ടുടമയും നാട്ടുകാരും പോലീസിൽ വിവരം അറിയിച്ചു. വീടിനുള്ളിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിനുള്ളിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. അറുപത് വയസുള്ള സ്ത്രീയുടെ മൃതദേഹമാണെന്നാണ് സംശയം.
റൂറൽ എസ് പി എം.ഹേമലതയും, ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. ജഡം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ വ്യക്തമാകുമെന്ന് റൂറൽ എസ് പി അറിയിച്ചു.