പാലക്കാട് നെന്മാറ ആദനാടുമലയിലെ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നു മോഷ്ടാക്കള്‍ വിദഗ്ധമായി കടത്തിയതെല്ലാം തിരികെ എത്തിച്ചു. ക്ഷേത്രവാതില്‍ കുത്തിത്തുറന്ന് പ്രതികള്‍ കടത്തിയ രണ്ടര ലക്ഷം രൂപ വിലവരുന്ന വസ്തുക്കളാണ് പൊലീസ് കണ്ടെത്തി തിരികെ കൊണ്ടുവന്നത്.
ചിങ്ങം ഒന്നിനു മാത്രമാണ് നെന്മാറ നെല്ലിപ്പാടം ആദനാടുമലയിലെ അയ്യപ്പ ക്ഷേത്രം തുറക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ക്ഷേത്രം തുറന്നപ്പോള്‍ പൂജാരി ഒന്ന് അമ്പരന്നു. ചെമ്പും പിച്ചളയും ഓട്ടുരുളിയും നിലവിളക്കുമടക്കം ഒന്നും അവിടെയുണ്ടായിരുന്നില്ല. എല്ലാ മോഷ്ടിക്കപ്പെട്ടു. സമീപത്തെ മറ്റൊരു ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.
പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചു നെന്മാറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടി. നാട്ടുകാരായ സുനിമോന്, സന്തോഷ്, സുരേഷ് കുമാര്‍ എന്നിവരായിരുന്നു മോഷ്ടാക്കള്‍. രണ്ടര ലക്ഷത്തിനു മുകളില്‍ വിലവരുന്ന വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്.
വിശദമായ ചോദ്യം ചെയ്യലില്‍ മോഷണ വസ്തുക്കള്‍ എവിടെയെന്ന കാര്യം പ്രതികള്‍ സമ്മതിച്ചു. കുറേയെണ്ണം വില്‍പ്പന നടത്തി, ബാക്കിയുണ്ടായിരുന്ന വസ്തുക്കള്‍ മലമുകളിലാണ് മോഷ്ടാക്കള്‍ സൂക്ഷിച്ചത്. സിഐ അനീഷ്.കെ.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മോഷണ വസ്തുക്കളെല്ലം കണ്ടെത്തി തിരികെ എത്തിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.