ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതി അറസ്റ്റിൽ ഒറ്റപ്പനയിൽ താമസിക്കുന്ന മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശി അബൂബക്കർ ആണ് അമ്പലപ്പുഴ പോലീസിന്‍റെ പിടിയിലായത്. മരിച്ച ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന ആളാണ് അബൂബക്കർ.
ഹംലത്തിനെ ഞായറാഴ്ച്ച വൈകിട്ട് വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോൾ പ്രതികരിക്കാൻ ആദ്യം തയാറായത് അബൂബക്കർ ആയിരുന്നു. പള്ളിയിലെ കത്ത് നൽകാൻ പലതവണ വന്നിട്ടും ഹംലത്തിനെ കണ്ടില്ലെന്ന വിവരം അയൽവാസികളെയും ബന്ധുക്കളെയും അറിയിച്ചത് അബൂബക്കർ ആയിരുന്നു. പോലീസ് വീടിനുള്ളിൽ പരിശോധന നടത്തുമ്പോഴും കാഴ്ച്ചക്കാരനായി അബൂബക്കർ ആൾക്കൂട്ടത്തിലുണ്ടായിരുന്നു. ഹംലത്തിന്‍റെ മരണത്തിൽ ആരും പ്രതീക്ഷിക്കാത്ത ആൾ പ്രതിയായതിന്‍റെ ഞെട്ടലിലാണ് പരിസരവാസികൾ. ഒറ്റപ്പന ജുമാ മസ്ജിദിലെ ജോലിക്കാരനായിരുന്ന അബുബക്കറിന് ഹംലത്തുമായി അടുപ്പമുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ കാര്യമായ തെളിവുകൾ ഒന്നും പോലീസിനു ലഭിച്ചിരുന്നില്ല. ഹംലത്തിൻ്റെ കാണാതായ മൊബൈൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ വീടിൻ്റെ സമീപമുണ്ടെന്ന് കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി. കോൾ രേഖകൾ പരിശോധിച്ചപ്പോൾ ഏറ്റവും കൂടുതൽ സംസാരിച്ചത് അബുബക്കറുമായാണെന്ന് കണ്ടെത്തി. ഹംലത്ത് മരിക്കുന്ന രാത്രിയിലും അവസാനം വന്ന കോൾ അബുബക്കറിൻ്റേതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണം അബൂബക്കറിലേക്ക് എത്തിച്ചു. ഹംലത്തും അബൂബക്കറും അടുപ്പത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അവശയാണെന്ന് പറഞ്ഞിട്ടും ശനിയാഴ്ച രാത്രി അബൂബക്കർ ഹംലത്തിനെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു. തുടർന്ന് അടുക്കള വാതിൽ തള്ളി തുറന്ന് വീട്ടിൽ പ്രവേശിച്ചു ബന്ധപ്പെട്ടു. ഇതിനിടെയാണ് ശ്വാസം മുട്ടലും ഹൃദയ സംബന്ധമായ രോഗങ്ങളുമുണ്ടായിരുന്ന ഹംലത്ത് മരിച്ചത്. മരണം ഉറപ്പാക്കിയ ശേഷം അന്വേഷണം വഴിതെറ്റിക്കാൻ അബൂബക്കർ തന്നെയാണ് വീടുനുള്ളിൽ മുളകുപൊടി വിതറിയതും. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. ഹംലത്തിന്‍റെ വീട്ടിലെത്തിയപ്പോൾ ധരിച്ചിരുന്ന ഷർട്ടും മുണ്ടും തെളിവെടുപ്പിൽ കണ്ടെത്തി. ആദ്യം മോഷണത്തിന് വേണ്ടിയുള്ള കൊലപാതകം എന്ന് സംശയിച്ചിരുന്നുവെങ്കിലും ഹംലത്തിൻ്റെ ആഭരണങ്ങൾ വീട്ടിനുള്ളിൽ തന്നെ കണ്ടെത്തിയിരുന്നു. ഈ വീടിനെപ്പറ്റി നന്നായി അറിയുന്ന ആരെങ്കിലും ആയിരിക്കും മരണത്തിന് പിന്നിലെന്ന് തുടക്കം മുതൽ പൊലിസ് സംശയിച്ചിരുന്നു.