ആലപ്പുഴ ദേശീയ പാതയിൽ കരീലക്കുലങ്ങരയിൽ ലോറി തടഞ്ഞ് 3.24 കോടി രൂപ കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. മരിയപ്പൻ എന്ന സതീഷിനെ ആണ് ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം ചെന്നൈയിൽ നിന്ന് പിടികൂടിയത്. കവർച്ചയ്ക്കു ശേഷം വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
ജൂൺ 13 ന് പുലർച്ചെ ആണ് ആലപ്പുഴ കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് മൂന്നു കോടി 24 ലക്ഷം രൂപ കവർന്നത്. കോയമ്പത്തൂരിൽ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ പണമാണ് കാർ വട്ടമിട്ട് ലോറി തടഞ്ഞ ശേഷം തട്ടിയെടുത്തത്. ഹൈവേ കവർച്ച കേസിലെ ഒന്നാം പ്രതിയാണ് മരിയപ്പൻ എന്ന സതീഷ്. ചെന്നൈയിൽ നിന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം മരിയപ്പനെ പിടികൂടിയത്. കവർച്ചയ്ക്കു ശേഷം വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
തമിഴ്നാട്ടിലെ അറിയപ്പെടുന്ന വോളിബോൾ താരമായിരുന്ന മരിയപ്പന് വിവിധ സംസ്ഥാനങ്ങളിൽ നിരവധി സൗഹൃദങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ സഹായത്തോടെയാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. സ്വന്തം മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയ ശേഷം സുഹൃത്തുക്കളുടെ ഫോണാണ് മാറി മാറി ഉപയോഗിച്ചിരുന്നത്. ഫോൺ നമ്പറുകൾ പിന്തുടർന്ന് ഇയാളുടെ പല സുഹൃത്തുക്കളെയും ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരം കിട്ടിയില്ല. അന്വേഷണ സംഘം രണ്ട് മാസമായി വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തിവരികയായിരുന്നു. നാലു പ്രതികളെ ഇതിനിടയിൽ പിടികൂടുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യപ്രതി മരിയപ്പൻ ആണെന്ന് വ്യക്തമായത്. തുടർന്ന് ആന്ധ്ര , തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇയാൾ ഉപയോഗിച്ച ഫോൺ സിംകാർഡിൻ്റെ ഉടമസ്ഥനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് കൃത്യമായ സൂചനകൾ കിട്ടിയത്. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെയും നിരീക്ഷണത്തിലൂടെയുമാണ് പ്രതിയുടെ താമസ സ്ഥലം കണ്ടെത്തുകയും പിടികൂടുകയും ചെയ്തത്.
എട്ടോളം പ്രതികളാണ് കവർച്ച സംഘത്തിൽ ഉണ്ടായിരുന്നത്. ഈ കേസിലെ മുഖ്യ ആസൂത്രകൻ തമിഴ്നാട്ടിലെ ബിജെപി പോഷക സംഘടനയുടെ പ്രാദേശിക നേതാവാണ്. കൊല്ലത്തുള്ള വ്യാപാരിക്ക് നൽകാൻ പാഴ്സൽ ലോറിയി കൊണ്ടു പോയ പണമാണ് കവർന്നത്. പണത്തിൻ്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.