TOPICS COVERED

കോട്ടയം വൈക്കം തോട്ടകത്ത് ഫിഷ്ഫാം ഉടമയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ തുടങ്ങും. ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന പരാതിയിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

കഴിഞ്ഞ ജൂൺ എട്ടിന് രാത്രി ഫിഷ് ഫാമിൽ കിടന്നുറങ്ങിയ വിപിനെ കാണാതാവുകയും പൊലീസ് തിരച്ചിലിൽ ഫാമിന് സമീപമുള്ള തോട്ടിൽ നിന്ന് പതിനൊന്നിന് ഉച്ചയ്ക്ക് മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്ന പൊലീസ് നിഗമനത്തിനെതിരെ  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിപിന്‍റെ വീട്ടുകാർ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

അട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്‍റെ തീരത്താണ്  ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ ഫാം നടത്തിയിരുന്നത് രാത്രി ഫാമിലെ താത്കാലിക ഷെഡ്ഡിൽ കിടന്ന  വിപിൻ രാവിലെ വീട്ടിലെത്തിയില്ല.രാവിലെ വീട്ടുകാർ ഫാമിൽ എത്തിയപ്പോഴാണ് വിപിൻ കിടന്ന കിടക്ക മറിഞ്ഞു കിടക്കുന്നതായി കണ്ടത്. വിപിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഫാമിന്റെ സമീപത്തുനിന്ന് ലഭിച്ചിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് കുടുംബം ആവർത്തിക്കുന്നത്. പ്രളയവും കോവിഡും കാരണം ഫാം നടത്തിപ്പിൽ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെങ്കിലും വിപിൻ ആത്മഹത്യ ചെയ്യില്ലെന്നാണ് വിപിന്‍റെ  കുടുംബം പറയുന്നത്. 

ENGLISH SUMMARY:

Fish farm owner death in Vaikom is now under Crime Branch investigation following a High Court order. The probe aims to uncover the truth behind Vipin Nair's death, which his family suspects involved foul play