ഓണം കളറാക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചാണ് നാട്ടിലെങ്ങും ചര്‍ച്ച. സദ്യമുതല്‍ ആഘോഷങ്ങള്‍ കൊഴുപ്പിക്കാനുള്ള ഘടകങ്ങള്‍ കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഓരോ മലയാളിയും. ഇതിനിടയിലാണ് ലഹരിമാഫിയ സംഘങ്ങളുടെയും കണക്ക് കൂട്ടലുകള്‍. ഓണാഘോഷങ്ങള്‍ക്ക് ലഹരികൂട്ടാന്‍ കഞ്ചാവും എംഡിഎംഎയുമടക്കമുള്ള ലഹരിമരുന്നുകള്‍ എത്തിക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പേ ഓപ്പറേഷന്‍ തുടങ്ങി കഴിഞ്ഞു. ഇത് തിരിച്ചറിഞ്ഞ് അന്വേഷണ ഏജന്‍സികളും അരയും തലയും മുറുക്കി രംഗത്തുണ്ട്. ജാഗ്രതയോടെയുള്ള ഈ അന്വേഷണത്തിലാണ് കൊച്ചിയിലെ പൂത്തിരി കച്ചവടക്കാരന്‍ കുടുങ്ങിയത്.
'പൂത്തിരി'യെന്ന് പേരിട്ട് എംഡിഎംഎ വില്‍പന നടത്തിയിരുന്ന ആലുവ ഈസ്റ്റ്, കൊടികുത്തിമല സ്വദേശി മുസാബിര്‍ മുഹമ്മദിനെയാണ് എക്സൈസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന എംഡിഎംഎ എത്തിച്ച് ഓണം കൊഴുപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കെയാണ് എക്സൈസിന്‍റെ പൂട്ട് വീണത്. നാളുകളായി ലഹരികച്ചവടം നടത്തുന്ന മുസാബിര്‍ പൂത്തിരിയെന്ന പേരിലാണ് ലഹരിമരുന്ന് വിറ്റഴിക്കുന്നത്.
ബെംഗളൂരുവില്‍ പോയാണ് മുസാബിര്‍ സ്റ്റോക്കെടുക്കുന്നത്. എംഡിഎംഎ കൊച്ചിയിലെത്തിയാല്‍ സമൂഹമാധ്യമ അക്കൗണ്ടിലും മറ്റ് ഗ്രൂപ്പുകളിലും മുസാബിറിന്‍റെ സന്ദേശമെത്തും 'പൂത്തിരി ഓണായിട്ടുണ്ട്'. ഇതോടെ ആവശ്യക്കാര്‍ ഓര്‍ഡര്‍ നല്‍കും. ഓര്‍ഡറെടുത്താല്‍ ലഹരിമരുന്ന് കൈമാറും മുന്‍പ് പണം കിട്ടണം. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി പണമെത്തിയാല്‍ മാത്രം ലഹരിമരുന്ന് കൈമാറുന്നതാണ് രീതി. അതും ഇടപാടുകാര്‍ക്ക് നേരിട്ട് കൈമാറില്ല. വെള്ളവും ഈര്‍പ്പവും കയറാതെ സിപ്പ് ലോക്ക് കവറില്‍ സൂക്ഷമമായി പായ്ക്ക് ചെയ്ത് റോഡരികിലോ സംശയം തോന്നാത്ത സ്ഥലങ്ങളിലും കൊണ്ടുവെയ്ക്കും. പിന്നീട് ആ സ്ഥലത്തിന്‍റെ ലൊക്കേഷനും ലഹരിമരുന്ന് പായ്ക്കറ്റിന്‍റെ ഫോട്ടോയും അയച്ചു നല്‍കും. പണം നല്‍കിയവര്‍ ഇവിടെ വന്ന് ലഹരിമരുന്ന് എടുത്ത് കൊണ്ടുപോകണം.
ഇടനിലക്കാരെ കാത്ത് നില്‍ക്കുമ്പോളാണ് മുസാബിറിനെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആര്‍. അഭിരാജിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. കളമശ്ശേരി എച്ച്എംടി തോഷിബ ജംക്ഷന് സമീപത്തെ ബസ് സ്റ്റാന്‍ഡിന് സമീപമാണ് മുസാബിര്‍ ഇടപാടുകാരെ കാത്തുനിന്നത്. മുസാബിര്‍ ആഴ്ചകളായി എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘം എത്തിയതോടെ മുസാബിര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ വളഞിട്ട് ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് 'പൂത്തിരി' ചരിതം മുസാബിര്‍ വിശദീകരിച്ചത്. വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ പത്ത് ഗ്രാമിനടുത്ത് എംഡിഎംഎയും കണ്ടെത്തി.
എക്സൈസ് പിടികൂടിയ സമയം 'പൂത്തിരി' തേടി നിരവധിപേരാണ് മുസാബിറിന്‍റെ ഫോണിലേക്ക് വിളിച്ചത്. ലഹരികച്ചവടത്തില്‍ മുസാബിറിനെ സഹായിക്കുന്ന ഷെഫീക്ക് ഹനീഫയെന്ന സുഹൃത്തും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മുസാബിറിന്‍റെ പക്കല്‍ നിന്ന് ലഹരിമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരുടെ വിശദമായ പട്ടികയും എക്സൈസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തി കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്സൈസിൻ്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളിൽ എത്തിക്കാനാണ് എക്സൈസിന്‍റെ തീരുമാനം. പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഷാബു.സി. ജി, സി.ഇ. ഒമാരായ അമൽദേവ്, ജിബിനാസ് വി.എം, പ്രവീൺകുമാർ വി.എച്ച്, പത്മഗിരിശൻ, വനിത സിഇഒ അഞ്ജു ആനന്ദൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ലഹരിമരുന്ന് കൈവശം വെക്കുന്നത് 10 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗുതുതര കൃത്യമാണ്.