കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാന പ്രതിയായ റമീസിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ സേലത്തുള്ള ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ രഹസ്യവിവരത്തെത്തുടർന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കേസില്‍ റമീസിന്റെ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ഷെരീഫ മൂന്നാം പ്രതിയുമാണ്. ആത്മഹത്യപ്രേരണ കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. 

പെൺകുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ആൺ സുഹൃത്ത് റമീസിനൊപ്പം റമീസിന്‍റെ മാതാപിതാക്കളെ കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നു. റമീസ് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയും, മതം മാറാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. കൂടാതെ, മരിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ 'പൊയ്ക്കോളൂ' എന്ന് പറഞ്ഞ് പ്രേരിപ്പിക്കുകയും ചെയ്തെന്ന് പൊലീസ് കണ്ടെത്തി. മാതാപിതാക്കൾക്കും ഈ സംഭവങ്ങളിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെത്തുടർന്നാണ് ഇരുവരെയും പ്രതിചേർത്തത്. റമീസിനെ ആദ്യം പ്രതിചേർത്ത് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണത്തിന് ശേഷമാണ് മാതാപിതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 

ഇരുവരെയും അന്വേഷിച്ച് പലതവണ അന്വേഷണസംഘം വീട്ടിലെത്തിയെങ്കിലും പിടികൂടാനായിരുന്നില്ല.  പിന്നാലെയാണ് രഹസ്യവിവരത്തെത്തുടർന്ന് സേലത്ത് നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ കോതമംഗലത്തേക്ക് കൊണ്ടുവരും. തുടർന്ന് റമീസിനെയും മാതാപിതാക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. റമീസിനും മരിച്ച പെൺകുട്ടിക്കും പൊതു സുഹൃത്തായ സഹദിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. സഹദിന്റെ സാന്നിധ്യത്തിൽ യുവതിയെ റമീസ് മർദ്ദിച്ചിരുന്നു. ഇത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കണ്ടെത്തൽ.

ENGLISH SUMMARY:

Kothamangalam Suicide Case: The parents of Remees, the main accused in the Kothamangalam suicide case, have been taken into police custody. They were arrested from a lodge in Salem, Tamil Nadu, following a tip-off, and will be brought to Kothamangalam for further interrogation.