അച്ചടക്കമില്ലെന്ന് ആരോപിച്ച് പ്രധാന അധ്യാപകൻ അടിച്ചതിനെ തുടർന്ന് വിദ്യാർഥിയുടെ ചെവിക്ക് ഗുരുതര പരുക്കേറ്റു. കുണ്ടംകുഴി എച്ച്.എസ്.എസ്സിലെ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപടമാണ് അടികൊണ്ട് തകർന്നത്. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ പതിനൊന്നാം തീയതി സ്കൂൾ അസംബ്ലിയിൽ വെച്ചാണ് സംഭവം നടന്നത്. അസംബ്ലിയിൽ നിൽക്കുമ്പോൾ കുട്ടി നിലത്ത് ചവിട്ടിക്കളിച്ചത് കണ്ട അധ്യാപകൻ കുട്ടിയെ മുഖത്തടിക്കുകയായിരുന്നു. അതിനുശേഷം അധ്യാപകൻ കുട്ടിയെ പുറത്തേക്ക് കൊണ്ടുപോയി ഭക്ഷണം വാങ്ങി നൽകി. ഈ സമയത്ത് പ്രദേശത്തുണ്ടായിരുന്ന പൊലീസുകാർ കുട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ 'തലകറങ്ങി വീണതാണ്' എന്ന് അധ്യാപകൻ കള്ളം പറഞ്ഞതായി കുട്ടി വെളിപ്പെടുത്തി.
വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ചെവിയിലെ വേദന കൂടിയതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കർണപടം പൊട്ടിയെന്ന് വ്യക്തമായതോടെയാണ് കുടുംബം പരാതി നൽകാൻ തീരുമാനിച്ചത്. കുട്ടിയുടെ കേൾവിശക്തിക്ക് തകരാർ സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
അധ്യാപക സംഘടനയിലെ നേതാവുകൂടിയായതിനാൽ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടന്നിരുന്നതായി കുട്ടിയുടെ വീട്ടുകാർ ആരോപിച്ചു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.