കട്ടന്‍ചായയില്‍ വിഷം കലര്‍ത്തി സുഹൃത്തിനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം കളപ്പാട്ടുകുന്ന് സ്വദേശ് അജയ് ആണ് അറസ്റ്റിലായത്. കാരാട് സ്വദേശി സുന്ദരനെയാണ് കട്ടന്‍ചായയില്‍ വിഷം കലക്കി കൊല്ലാന്‍ നോക്കിയത്. ടാപ്പിങ് തൊഴിലാളിയാണ് പരാതിക്കാരനായ സുന്ദരന്‍.
മുന്‍പെപ്പഴോ വഴക്കുണ്ടായപ്പോള്‍ സംഭവിച്ച കാര്യമാണ് വൈരാഗ്യമായി വളര്‍ന്നത്. പുലര്‍ച്ചെ ജോലിക്കായി പോകുമ്പോള്‍ കുടിക്കുന്നതിനായി കട്ടന്‍ ചായിട്ട് ഫ്ലാസ്കില്‍ കൊണ്ടുപോകുക സുന്ദരന്‍റെപതിവായിരുന്നു. ഓഗസ്റ്റ് പത്തിന് പതിവുപോലെ പണിക്ക് പോയപ്പോള്‍ കട്ടന്‍ചായ ഫ്ലാസ്കിലെടുത്ത് ബൈക്കില്‍ വച്ചു. പണിക്കിടെ കുടിച്ചപ്പോള്‍ രുചിവ്യത്യാസം തോന്നി. ചായയില്‍ മറ്റെന്തോ കലര്‍ന്നോ അതോ ഫ്ലാസ്കില്‍ നിന്നുള്ള ചൊവയാണോ എന്ന സംശയം തോന്നിയതോടെ അടുത്ത ദിവസം മുതല്‍ പ്ലാസ്റ്റിക് കുപ്പിയില്‍ ചായ കൊണ്ടുപോകാന്‍ തുടങ്ങി.
പതിനാലാം തിയതി ചായ കുടിച്ചപ്പോഴും വ്യത്യാസം തോന്നി ഗ്ലാസിലൊഴിച്ച് പരിശോധിച്ചപ്പോള്‍ നിറവ്യത്യാസവും കണ്ടെത്തി. ഇതോടെയാണ് പൊലീസിലും പരാതി നല്‍കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷമാണ് കലര്‍ത്തിയതെന്നും സുഹൃത്തായ അജയ് ആണ് ഇതിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ അജയ് കുറ്റം സമ്മതിക്കുകയായിരുന്നു.