ജിദ്ദയില്‍ നിന്ന് നെടുമ്പാശേരി വഴി ഒരു കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍. ആഭ്യന്തര യാത്രയുടെ മറവില്‍ ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കമറുദീനാണ് കസ്റ്റംസിന്‍റെ പിടിയിലായത്. ആറ് മാസത്തിനിടെ അന്‍പത് കോടിയുടെ കള്ളക്കടത്ത് വസ്തുക്കളാണ് നെടുമ്പാശേരിയില്‍ കസ്റ്റംസ് പിടികൂടിയത്.
ഈ മാസം എട്ടിനാണ് കമറുദീന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് ഒരു കിലോയിലേറെ സ്വര്‍ണം കടത്തിയത്. വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന കമറുദീന്‍, സ്വര്‍ണക്കടത്ത് മാഫിയയുടെ ഭാഗമായിട്ടായിരുന്നു സ്വര്‍ണക്കടത്ത്. പിടിക്കപ്പെടാതിരിക്കാന്‍ ജിദ്ദയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ കമറുദീന്‍ ഇവിടെ നിന്നാണ് നെടുമ്പാശേരിയില്‍ എത്തിയത്. ആഭ്യന്തര സഞ്ചാരികളെ കസ്റ്റംസ് കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കാറില്ല. ഈ സാധ്യത മുന്നില്‍കണ്ടായിരുന്നു സ്വര്‍ണക്കടത്തെങ്കിലും കൊച്ചിയിലെ കസ്റ്റംസ് ഇന്‍റലിജന്‍സിന് മുന്നില്‍ കമറുദീന്‍ കുടുങ്ങി. കുഴമ്പു രൂപത്തിലാക്കി മൂന്ന് പ്ലാസ്റ്റിക് ഉറകള്‍ക്കുള്ളിലൊളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം മുപ്പത് വരെ റിമാന്‍ഡ് ചെയ്തു.
നെടുമ്പാശേരിയില്‍ കസ്റ്റംസിന്‍റെ കര്‍ശനപരിശോധനയില്‍ അന്‍പതിലേറെ കള്ളക്കടത്തുകാരാണ് കുടുങ്ങിയത്. മാസികയ്ക്കുള്ളില്‍ കോടികളുടെ കറന്‍സി ഒളിപ്പിച്ച് കടത്തിയവരും ലക്ഷങ്ങളുടെ സിഗരറ്റ് കടത്തിയവരും കസ്റ്റംസിന്‍റെ പരിശോധനയില്‍ വലയിലായി. വിദേശ രാജ്യങ്ങളില്‍ നിന്ന് പോക്കറ്റ് മങ്കി അടക്കമുള്ള മൃഗങ്ങളെയും അപൂര്‍വയിനം പക്ഷികളെ കടത്തിയവരും കുടുങ്ങി. പരിശോധനകള്‍ കര്‍ശനമാക്കിയതോടെ കള്ളക്കടത്ത് സംഘങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് പതുക്കെ ചുവടുമാറ്റുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതും നെടുമ്പാശേരിയടക്കം കേരളത്തിലെ വിമാനത്താവളങ്ങളിലാണ്.