TOPICS COVERED

തിരുവനന്തപുരം നേമത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ബിന്‍സി എന്ന ഹരിതകര്‍മ സേനാംഗമായ യുവതിയെയാണ് മദ്യപാനിയായ ഭര്‍ത്താവ് സുനില്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബുധനാഴ്ച രാത്രി ബിന്‍സി ആരെയോ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും അതാണ് കൊലയ്ക്ക് പ്രകോപനമായതെന്നും സുനില്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

രാവിലെ എഴുന്നേറ്റ കുട്ടികള്‍ അമ്മ എവിടെ എന്ന് ചോദിച്ചു. 'അമ്മക്ക് വയ്യ, കിടന്നുറങ്ങുക'യാണെന്ന് പറഞ്ഞ് സുനില്‍ കുട്ടികളെ കുളിപ്പിക്കുകയും ഒരുക്കുകയും ചെയ്​തു. ഹോട്ടലില്‍ പോയി പൊറോട്ടയും കറിയും വാങ്ങി കുട്ടികളെ സ്കൂളില്‍ കൊണ്ടുവിട്ടു. മക്കള്‍ വീട്ടില്‍ നിന്ന് പോയ ശേഷവും ബിന്‍സിയുടെ മൃതദേഹം മാറ്റാനോ ഒളിവില്‍ പോവാനോ സുനില്‍ ശ്രമിച്ചില്ല. 

ബിന്‍സി വ്യാഴാഴ്ച ജോലിക്കെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ഹരിതകര്‍മ സേനയിലെ സുഹൃത്തുക്കളാണ് കൊലപാതക വിവരം ആദ്യം അറിയുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇവര്‍ ബിന്‍സിയുടെ വീട്ടിലെത്തിയത്. വീടിനുള്ളില്‍ കഴുത്തിന് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു ബിന്‍സി. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ബിന്‍സിയെ ശാന്തിവിളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.

നിര്‍മാണ തൊഴിലാളിയായ സുനില്‍ സ്ഥിരം മദ്യപാനിയാണെന്നാണ് അയല്‍വാസികളടക്കം പറയുന്നത്. ബുധനാഴ്ച രാത്രി സുനില്‍ മദ്യപിച്ചെത്തുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിനിടെയാണ് ബിന്‍സി ആരെയോ ഫോണ്‍ വിളിക്കുന്നത് കണ്ടതും ഇതേച്ചൊല്ലിയുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചതും. ശാന്തിവിള ആശുപത്രിയിലുള്ള ബിന്‍സിയുടെ മൃതദേഹം പരിശോധനകള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ‌

ENGLISH SUMMARY:

രാവിലെ എഴുന്നേറ്റ കുട്ടികള്‍ അമ്മ എവിടെ എന്ന് ചോദിച്ചു. 'അമ്മക്ക് വയ്യ, കിടന്നുറങ്ങുക'യാണെന്ന് പറഞ്ഞ് സുനില്‍ കുട്ടികളെ കുളിപ്പിക്കുകയും ഒരുക്കുകയും ചെയ്​തു.