ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകൻ മാതാപിതാക്കളെ കുത്തിക്കൊന്നു. മദ്യപിക്കാൻ പണം നൽകാത്തതിനാലാണ് കൊടുക്രൂരത. കൊമ്മാടിക്ക് സമീപം താമസിക്കുന്ന തങ്കരാജ്, ആഗ്നസ്, എന്നിവരെയാണ് ലഹരിക്കടിമയായ മകൻ കൊലപ്പെടുത്തിയത്. മാതാപിതാക്കളെ കുത്തിക്കൊന്ന ശേഷം രക്ഷപെട്ട 47കാരനായ ബാബുവിനെ സമീപത്തെ ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
കൊല്ലപ്പെട്ട തങ്കരാജും മകൻ ബാബുവും ഇറച്ചി വെട്ടുകാരാണ്. ഇരുവരും ജോലി ചെയ്തിരുന്നതെങ്കിലും പിന്നീട് ബാബു ജോലിക്ക് പോകാതായി. മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നതും പതിവായി. മദ്യപിക്കാൻ പണം വാങ്ങുന്നത് പിതാവിന്റെയും സഹോദരിയുടെയും പക്കൽ നിന്നായിരുന്നു. ബാബുവിന്റെ ഉപദ്രവം സഹിക്കവയ്യാതെ തങ്കരാജും ഭാര്യ ആഗ്നസും സമീപത്തുള്ള മകളുടെ വീട്ടിലാണ് ഇടയ്ക്ക് താമസിച്ചിരുന്നത്.
മുൻപും പലതവണ മദ്യപിച്ചെത്തി ബാബു അച്ഛനെയും അമ്മയെയും മർദിച്ചിരുന്നു. അന്ന് പൊലീസ് ഇടപെടുകയും ബാബുവിന് താക്കീന് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ രാത്രി ലഹരി ഉപയോഗിച്ചെത്തിയ ബാബു പിതാവിനോട് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാത്തതിനാൽ വഴക്കുണ്ടാക്കുകയും മാതാപിതാക്കളെ കുത്തി കൊല്ലുകയുമായിരുന്നു.
കൊലയ്ക്ക് ശേഷം ബാബു തന്നെയാണ് സഹോദരിയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. ബഹളം കേട്ട് അയൽക്കാർ ഓടി എത്തും മുൻപ് ഇയാൾ സ്ഥലം വിട്ടു. സമീപത്തെ ബാറിൽ നിന്നാണ് ബാബുവിനെ പൊലീസ് പിടികൂടിയത്. രണ്ടാഴ്ച മുൻപും ഇയാൾ മാതാപിതാക്കളെ ആക്രമിച്ചിരുന്നു. തുടർന്ന് സഹോദരി എത്തി ഇരുവരെയും വീട്ടിലേക്ക് കൊണ്ടു പോയിരുന്നു.